കോഴിക്കോട്:ഭക്തി സാന്ദ്രമായ അന്തരീക്ഷം സൃഷ്‌ടിച്ചുകൊണ്ട് തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ വിനായക ചതുർഥി തെപ്പരഥോത്സവത്തിന് തിരി തെളിഞ്ഞു. സെപ്റ്റംബർ ഏഴ് വരെയാണ് ക്ഷേത്രത്തില്‍ തെപ്പരഥോത്സവ ചടങ്ങുകൾ നടക്കുക. ഉത്സവത്തിന്‍റെ ഭാഗമായി ഇന്നലെ (സെപ്‌റ്റംബര്‍ 2) വൈകിട്ട് ക്ഷേത്രവും പരിസരവും കമനീയ വൈദ്യുത ദീപാലങ്കാരങ്ങളാൽ ആകർഷകമാക്കി.
ദേവഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, തിരുമന്ധാംകുന്ന് ദേവി, അനന്തശയനം, ലക്ഷ്‌മി നരസിംഹമൂർത്തി, ഭുവനേശ്വരി, ഗുരുവായൂരപ്പൻ, പരമശിവൻ, കാഞ്ചി കാമാക്ഷി, അന്നപൂർണേശ്വരി, ശ്രീകൃഷ്‌ണൻ, ശിവപാർവതി, മഹാവിഷ്‌ണു തുടങ്ങി പതിനഞ്ച് കമനീയ വൈദ്യുത ദീപാലങ്കാര ടവറുകളാണ് ക്ഷേത്ര പരിസരത്തും ക്ഷേത്രക്കുളത്തിന് ചുറ്റുമായും സ്ഥാപിച്ചത്. ഇത്തവണത്തെ ഉത്സവത്തിന്‍റെ പ്രധാന സവിശേഷതയും ഈ ദീപാലങ്കാരങ്ങളാണ്.