കോഴിക്കോട്: സംസ്ഥാനം കൊടുംചൂടിലേക്ക് കടന്നിരിക്കുകയാണ്. ഫെബ്രുവരി മാസം തന്നെ ചൂട് അസഹനീയമായപ്പോൾ സുഖവാസ കേന്ദ്രങ്ങളെ കുറിച്ചാണ് ആളുകളുടെ ചിന്ത. അങ്ങനെ പ്രകൃതിഭംഗി ആസ്വദിക്കാനും കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും സമയം ചെലവഴിക്കാൻ പറ്റിയ ഇടമാണ് കോഴിക്കോട് ജില്ലയിലെ തുഷാരഗിരി വെള്ളച്ചാട്ടം.
തുഷാരഗിരി എന്ന വാക്കിന്‍റെ അർഥം 'മൂടൽമഞ്ഞിൽ പൊതിഞ്ഞ കൊടുമുടി" എന്നാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് 50 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്.
തുഷാരഗിരി വെള്ളച്ചാട്ടത്തിലേയ്ക്ക് എത്താൻ എളുപ്പമാണെങ്കിലും മൂന്നു വെള്ളച്ചാട്ടങ്ങളുടെയും സമീപമെത്താന്‍ കുറച്ച് സാഹസം വേണം. ട്രക്കിംഗ് പൂർത്തിയാക്കിയ ശേഷം തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ഒരു മുങ്ങിക്കുളി പാസാക്കിയാൽ മനസും ശരീരവും തണുക്കും. ഇവിടെ നിന്ന് കാട്ടിലൂടെ നടന്ന് വൈത്തിരിയിലെത്താം. സാഹസത്തിന് താത്‌പര്യമുള്ളവർക്ക് ഈ വഴിയിലൂടെ വയനാട്ടിലേയ്ക്ക് ഒരു ദീർഘദൂര നടത്തവും ആവാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന രണ്ട് അരുവികൾ കൂടിച്ചേർന്നതാണ് ചാലിപ്പുഴ. ഇത് മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി പതിക്കുന്നു. ഇതിൽ നിന്നാണ് തുഷാരഗിരി എന്ന പേരു വന്നത്. മൂന്നുവെള്ളച്ചാട്ടങ്ങളിൽ ഏറ്റവും ഉയരം കൂടിയത് തേൻപാറ വെള്ളച്ചാട്ടം ആണ്. 75 മീറ്റർ ആണ് ഇതിന്‍റെ പൊക്കം.
തുഷാരഗിരി വനമേഖലയിൽ അന്യം നിന്നുപോകുന്ന 45 ഓളം ചിത്രശലഭങ്ങളെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 60 വർഷം മുമ്പ് അന്യംനിന്ന് പോയെന്ന് കരുതപ്പെട്ടിരുന്ന ട്രാവൻകൂർ ഈവനിംഗ് ബ്രൗൺ എന്ന ചിത്രശലഭം ഇതിൽ പ്രധാന ഇനമാണ്. റബർ, ജാതിക്ക, കുരുമുളക്, ഇഞ്ചി, മറ്റു പല സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാണ്.
സാഹസിക മലകയറ്റക്കാർ അതിരാവിലെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ നിന്നും കുന്നുകയറി തുടങ്ങി നിത്യഹരിതവനങ്ങളിലൂടെ വൈകിട്ട് വയനാട് ജില്ലയിലെ വൈത്തിരിയിൽ എത്തുന്നു. തുഷാരഗിരി പല പാറക്കെട്ടുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും ഇടയിലൂടെ മലകയറുവാനും പാറ കയറുവാനും അനുയോജ്യമാണ്. ഇവിടെ അടുത്തായി രണ്ട് അണക്കെട്ടുകളും ഉണ്ട്.
പരിസ്ഥിതി ടൂറിസത്തിനും സംരക്ഷണത്തിനും സമർപ്പിച്ചിരിക്കുന്ന ഒരു പ്രദേശത്തിന്‍റെ ഭാഗമായതിനാൽ കേരള വനം വകുപ്പാണ് തുഷാരഗിരിയുടെ മേൽനോട്ടം കൈകാര്യം ചെയ്യുന്നത്. സുസ്ഥിര ടൂറിസം രീതികൾക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം ഗൈഡഡ് ടൂറുകളും വിദ്യാഭ്യാസ പരിപാടികളും സന്ദർശകർക്ക് പ്രാദേശിക സസ്യജന്തുജാലങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകളും നൽകുന്നു.