കാസർകോട്: ആറ് വയസിനിടെ നൂറോളം കളിപ്പാട്ടങ്ങൾ സ്വന്തമായി നിർമിച്ച ഒരു കൊച്ചു മിടുക്കനുണ്ട് കാഞ്ഞങ്ങാട്. കോട്ടപ്പാറയിലെ ശബരി സുബ്രഹ്മണ്യനാണ് ആരെയും ആകർഷിക്കുന്ന കളിപ്പാട്ടങ്ങൾ നിർമിച്ച് ശ്രദ്ധേയനാകുന്നത്. മൂന്നാം വയസിലാണ് ശബരി ആദ്യമായി കളിപ്പാട്ടം ഉണ്ടാക്കുന്നത്. അതും ചപ്പാത്തി മാവിൽ. മകന്‍റെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവന് ആർട്ടിഫിഷൽ ക്ലേ വാങ്ങി നൽകി. പിന്നീട് ആ കുഞ്ഞുകൈകളിലൂടെ നൂറോളം ശില്‌പങ്ങളാണ് രൂപമെടുത്തത്.
ആദ്യഘട്ടത്തിൽ ശബരി ഉണ്ടാക്കി നോക്കിയത് ആനയുടേയും പുലിയുടേയും രൂപങ്ങളായിരുന്നു. പിന്നീട് ദൈവങ്ങളുടെയും തെയ്യങ്ങളുടെയും രൂപങ്ങൾ നിർമ്മിച്ച് തുടങ്ങി. ശിവൻ, പാർവ്വതി, ഗണപതി, കരിം ചാമുണ്ഡി, ഗുളികൻ, കുറത്തിയമ്മ തുടങ്ങിയ രൂപങ്ങളും ആ കുഞ്ഞിക്കൈകളിലൂടെ പിറന്നു.