കാസർകോട് : മുട്ടയിടാം പക്ഷെ അടയിരിക്കാനൊന്നും പറ്റില്ലെന്ന് പിടക്കോഴി പറഞ്ഞാൽ എന്തു ചെയ്യും? ആ ഉത്തരവാദിത്വം പൂവൻ കോഴി ഏറ്റെടുക്കുക തന്നെ. അങ്ങനെ 21 ദിവസം പൂവൻ കോഴി (അങ്കക്കോഴി) അടയിരുന്നപ്പോൾ വിരിഞ്ഞത് മൂന്ന് മുട്ട. കോഴികളും ഹാപ്പി, വീട്ടുകാരും ഹാപ്പി...
കാസര്‍കോട് ഉദിനൂരിലാണ് ഈ കൗതുക കാഴ്‌ച. തന്‍റെ ദേഹച്ചൂടേറ്റ് വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങളെ സ്നേഹത്തിൽ പൊതിയുകയാണ് ഈ പൂവൻ കോഴി. സാധാരണ പിടക്കോഴികളാണ് മുട്ടയിട്ട് അടയിരിക്കാറ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉദിനൂർ തടിയൻ കൊവ്വൽ കാലിച്ചാൻ ദേവസ്ഥാനത്തിന് സമീപത്തെ മുൻ മിൽമ ജീവനക്കാരൻ കരപ്പാത്ത് കുഞ്ഞിക്കോരൻ്റെ വീട്ടിൽ നേരെ വിപരീതമായി. കുഞ്ഞിക്കോരൻ്റെ വീട്ടിലെ പിടക്കോഴികൾ എന്നും മുട്ടയിടാറുണ്ടെങ്കിലും അടയിരിക്കുന്ന സ്വഭാവമില്ല. രണ്ടും മുട്ടയിട്ട ശേഷം എന്തെങ്കിലും കൊത്തിപ്പറിച്ച് കറങ്ങും. മാസങ്ങൾക്ക് മുമ്പ്, വീട്ടിലെ പൂവൻ കോഴി എപ്പോഴും കൂട്ടിലിരിക്കുന്നത് കണ്ട് ഒരു കൗതുകത്തിന് നാല് മുട്ടകൾ വീട്ടുകാർ വച്ചു.
അതിന് ശേഷം കോഴി കൂടിന് പുറത്ത് ഇറങ്ങിയില്ല. പൂവൻ കോഴി മുട്ടയ്ക്ക് മേലെ അടയിരുന്നു. എന്തു സംഭവിക്കും എന്ന് അറിയാൻ 21 ദിവസം എണ്ണി കുഞ്ഞിക്കോരനും കുടുംബവും കാത്തു നിന്നു. 15 ദിവസം കഴിഞ്ഞപ്പോൾ ആകാംക്ഷയായി. 21-ാം ദിവസം നാല് മുട്ടകളിൽ മൂന്നെണ്ണം വിരിഞ്ഞു. ഒരെണ്ണത്തെ ബുധനാഴ്‌ച രാവിലെ കൂട്ടിൽ ചത്ത നിലയിലും കണ്ടു. മുട്ട വിരഞ്ഞത് കണ്ട വീട്ടുകാരും നാട്ടുകാരും അത്ഭുതപ്പെട്ടു.
നാട്ടിൽ ആദ്യത്തെ സംഭവം ആയിരുന്നു ഇത്. കോഴിക്കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ ഒളിപ്പിച്ച് പൂവനും എല്ലാവരെയും നോക്കിയിരുന്നു. കരിവെള്ളൂരിൽ നിന്നും മുട്ട കൊണ്ടുവന്ന് വിരയിച്ചെടുത്ത രണ്ടു പൂവനിലൊന്നാണ് അടയിരുന്നത് എന്ന് കുഞ്ഞിക്കോരൻ പറഞ്ഞു. കോഴി കുഞ്ഞുങ്ങളെ ചിറകിൽ ഒളിപ്പിക്കുന്നത് കാണുമ്പോൾ അറിയാം അതിന്‍റെ സ്നേഹം. പരീക്ഷണം ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ നാട്ടിലെ ചർച്ച മുഴുവന്‍ ഈ പൂവൻ കോഴിയാണ്. മുട്ട വിരിഞ്ഞു പുറത്തിറങ്ങിയ കുഞ്ഞുങ്ങളെ ഇടക്ക് പിടക്കോഴികളും വന്നു നോക്കാറുണ്ട്. ശൗര്യം കൂടിയ ഇനമാണ് അങ്കക്കോഴികൾ. ഉദിനൂരിലെ ഈ അങ്കക്കോഴി കുഞ്ഞുങ്ങളെ സ്നേഹം കൊണ്ട് പൊതിയുന്ന കാഴ്‌ചയാണ് കാണാനാകുന്നത്.
Also Read:'ലഹരി ഉപയോഗിച്ചാല്‍ അടി കിട്ടും, ചോദിക്കാൻ ചെന്നാലും അടി ഉറപ്പ്'; രണ്ടും കല്‍പ്പിച്ച് വടകരയിലെ നാട്ടുകാര്‍... - AWARENESS AGAINST DRUG ABUSE