തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ഈ സാമ്പത്തിക വര്‍ഷം 221 കിലോമീറ്റര്‍ റോഡ് സംസ്ഥാനത്താകെ നിര്‍മ്മിച്ചതായി ക്ലീന്‍ കേരള കമ്പനി എംഡി സുരേഷ് കുമാര്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തരമാണ് പുനചംക്രമണം ചെയ്‌ത പ്ലാസ്റ്റിക് ഉപയോഗിച്ചു റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 221 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ സാധിച്ചതായി സുരേഷ് കുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
2024 എപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്ക് പ്രകാരമാണിത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനകള്‍ വഴിയും മറ്റു സ്വകാര്യ ഏജന്‍സികള്‍ വഴിയും ക്ലീന്‍ കേരള കമ്പനി ശേഖരിച്ച 151.63 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ഇതോടെ 2016 ഏപ്രിലില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 6042 കിലോമീറ്റര്‍ റോഡാണ് സംസ്ഥാനത്ത് നിര്‍മ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് റോഡ് നിര്‍മ്മാണം. ഷ്രഡഡ് പ്ലാസ്റ്റിക്കാണ് (Shredded Plastic) റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം റോഡ് നിര്‍മ്മാണത്തിന് ഉപകാരപ്പെടുന്ന തരത്തില്‍ പുനര്‍ചംക്രമണം ചെയ്യുന്നതാണ് ആദ്യ പടി. ഇതിനു ശേഷം കിലോക്ക് 25.20 രൂപ നിരക്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്ലാസ്റ്റിക് ലഭ്യമാക്കും. 2022-23 സാമ്പത്തിക വര്‍ഷത്തിന് ശേഷം നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ക്ലീന്‍ കേരള കമ്പനിയില്‍ നിന്നും റോഡ് നിര്‍മ്മാണത്തിനായി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിട്ടില്ല.
ഈ സാമ്പത്തിക വര്‍ഷത്തില്‍ റോഡ് നിര്‍മ്മാണത്തിന് പിഡബ്ല്യുഡി 105.23 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യവും വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ 46.40 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യവും റോഡ് നിര്‍മ്മാണത്തിനായി ശേഖരിച്ചതായും സുരേഷ് കുമാര്‍ വിശദീകരിച്ചു. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്കാണ് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുക.
ഒരു കിലോമീറ്റര്‍ റോഡുണ്ടാക്കാന്‍ ഇത്തരത്തില്‍ ഒരു ടണ്‍ പ്ലാസ്റ്റിക്ക് ആവശ്യമായി വരും. എന്നാല്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്ന ഗുണമേന്മയുള്ള റോഡുകള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കാനാകുമെന്നതാണ് പ്രത്യേകത. സംസ്ഥാനത്തു 117 മാലിന്യ ശേഖരണ യൂണിറ്റുകള്‍ വഴിയാണ് പ്ലാസ്റ്റിക് വേര്‍തിരിച്ചു ഷ്രഡ് ചെയത് പ്ലാസ്റ്റിക് ഗ്രാന്യൂളുകളായി മാറ്റുന്നത്. ഈ ഗ്രാന്യുളുകള്‍ പ്ലാന്‍റുകളില്‍ ടാറുമായി കൂട്ടിച്ചേര്‍ത്താണ് റോഡ് നിര്‍മ്മാണം.
Read More: കുട്ടമ്പുഴ വനത്തില്‍ അകപ്പെട്ട സ്‌ത്രീകളെ കണ്ടെത്തി; മൂന്നുപേരും സുരക്ഷിതർ