എറണാകുളം : മന്ത്രിമാർ നിലവിലെ സ്ഥാനം രാജിവയ്ക്കാതെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്‌പര്യ ഹർജി പിൻവലിച്ചു. ഇത്തരം കാര്യങ്ങൾ ഹൈക്കോടതിയിലല്ല അറിയിക്കേണ്ടതെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ചുമതലയിൽപ്പെട്ട കാര്യമാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര സഹ മന്ത്രി ഉൾപ്പടെ ഏഴ് മന്ത്രിമാർ കേരളത്തിൽ നിലവിലെ മന്ത്രിസ്ഥാനം രാജിവയ്ക്കാതെ മത്സരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ ഒ ജോണിയാണ് പൊതുതാത്‌പര്യ ഹർജി നൽകിയത്. നിയമസഭ പ്രതിനിധികളും രാജ്യസഭ പ്രതിനിധികളുമുൾപ്പടെയുള്ളവർ തൽസ്ഥാനങ്ങൾ രാജിവയ്ക്കാതെ മത്സരിക്കുന്നുവെന്നാണ് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഹർജിക്കാരനോട് പിഴ അടക്കേണ്ടിവരുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതിനെത്തുടർന്ന് അഡ്വ. ബി എ ആളൂർ ഹർജി പിൻവലിച്ചു.
അതേസമയം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂടുപിടിച്ച് വരികയാണ്. ഇതുവരെ 2.70 കോടി വോട്ടര്‍മാരാണ് ഉള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പങ്കുവച്ചു . മാർച്ച് 28 നാണ് സംസ്ഥാനത്ത് വിജ്ഞാപനം വരിക. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ നാലാണെന്നും സഞ്ജയ് കൗൾ വോട്ടെടുപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ജൂൺ 6 ന് മുൻപ് പൂർത്തിയാക്കണം. വോട്ടെണ്ണൽ ജൂൺ 4 നാണ് നടക്കുക.
Also read :21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ ; പ്രകടന പത്രികയും പുറത്ത്
1 കോടി 37 ലക്ഷത്തിലധികമാണ് പുരുഷ വോട്ടർമാരുടെ കണക്ക്. 1.39 കോടിയിലധികം സ്‌ത്രീ വോട്ടർമാരാണ്. 1069 ആണ് ലിംഗാനുപാതം.സംസ്ഥാനത്ത് 380 ഭിന്നശേഷി വോട്ടർമാരാണുള്ളത്. 88,230 പ്രവാസി വോട്ടർമാരുണ്ട്. 100 വയസ് കഴിഞ്ഞവരായി 3977 വോട്ടർമാരാണ് ഉള്ളത്. 0.92 ശതമാനമാണ് മുതിർന്ന പൗരന്മാർ. 2,88,533 പേർ യുവ വോട്ടർമാരാണ്. ആകെ വോട്ടർമാരിൽ 1.36 ശതമാനം യുവ വോട്ടർമാരാണ്. ജനുവരിക്ക് ശേഷം പേരുചേർത്തത് 18 ലക്ഷം യുവ വോട്ടർമാരാണ്.