കോട്ടയം:കർഷകരുടെ മാസങ്ങൾ നീണ്ട അധ്വാനം വെയിലും മഴയുമേറ്റ് കിടക്കുമ്പോൾ അധികൃതർ കാട്ടുന്ന നിസംഗ മനോഭാവത്തിനതിരെ പ്രതിഷേധം ശക്തമാകുന്നു. കോട്ടയം അയ്‌മനം പഞ്ചായത്തിലെ നാലുതോട് പട്ടുകരി പാടശേഖരത്തെ 1500 ക്വിന്‍റൽ നെല്ലാണ് കെട്ടിക്കിടക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും സപ്ലൈകോ അധികൃതർ നെല്ല് ഏറ്റെടുക്കാൻ വൈകുന്നതിനെ തുടർന്നാണ് പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്.
കിഴിവിൻ്റെ പേരിൽ നെല്ല് സംഭരിക്കാൻ മില്ലുകൾ തയാറാകുന്നില്ലയെന്ന് കർഷകർ ആരോപിച്ചു. 100 കിലോ നെല്ലിന് 10 കിലോ കിഴിവാണ് ഇടനിലക്കാർ ആവശ്യപ്പെട്ടത്. കർഷകർ വിസമിച്ചതോടെ സംഭരണം മുടങ്ങി. നെല്ല് സംഭരണം നടക്കാതെ വന്നപ്പോൾ കർഷകർ പാഡി ഓഫീസറെ നേരിൽ കണ്ടിരുന്നു. പാഡി ഓഫീസർ നേരിട്ടെത്തി നെല്ല് പരിശോധിക്കുകയും ചെയ്‌തു.