കണ്ണൂര്‍ :പഴയ മൊയ്‌തുപാലത്തിന്‍റെ ബലപരിശോധന ഫലം അനുകൂലമെന്ന് റിപ്പോർട്ട്.ഈ പാലം ഉപയോഗപ്പെടുത്തി ടൂറിസം സര്‍ക്യൂട്ടിന് ആരംഭം കുറിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ സെപ്‌റ്റംബറിൽ ബലപരിശോധന നടത്തിയിരുന്നു. ധര്‍മ്മടം പുഴയ്ക്ക് കുറുകേയുള്ള മൊയ്‌തുപാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിച്ചതിനെ തുടര്‍ന്ന് ഏറെക്കാലമായി ഈ പാലം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.
വിനോദസഞ്ചാരം മുന്‍നിര്‍ത്തി പാലത്തിന്‍റെ വികസന സാധ്യത ഉപയോഗിക്കാന്‍ തീരുമാനിച്ചതോടെ പാലത്തിന്‍റെ മുകളില്‍ മണല്‍ചാക്കുകള്‍ നിറച്ച് ഭാരപരിശോധന നടത്തിയിരുന്നു. കേരള ഹൈവേ റിസേര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ സാങ്കേതിക വിദഗ്‌ധരാണ് പാലത്തിന്‍റെ ബലപരിശോധന നടത്തിയത്.
1930ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മൊയ്‌തുപാലത്തിലൂടെ ഗതാഗതം നടത്തുന്നത് അപകടം വരുത്തുമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് സമാന്തരമായി പുതിയ പാലം നിര്‍മിക്കപ്പെട്ടത്. നാളിതുവരെ ഉപയോഗിക്കാതെ കിടക്കുകയായിരുന്ന പാലത്തില്‍ ഇരുമ്പ് ഗേഡറുകളും ബാറുകളും കേടുപാടുകള്‍ സംഭവിക്കാതെ കിടക്കുകയാണ്.