കാസർകോട്:എൻഡോസൾഫാൻ നിർവീര്യമാക്കുന്നത് സംബന്ധിച്ച പരിശോധനകൾക്കായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (സിപിസിബി) നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം കാസർകോടെത്തി പരിശോധന ആരംഭിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ (എൻജിടി) നിർദേശപ്രകാരമാണ് സിപിസിബി ദക്ഷിണമേഖല റീജനൽ ഡയറക്‌ടർ ഡോ. ജെ ചന്ദ്രബാബുവും സംഘവും എത്തിയത്. കേരള പ്ലാന്‍റേഷൻ കോർപറേഷന്‍റെ (പിസികെ) ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ സംഘം പരിശോധിക്കും.
അതേസമയം പെരിയ, ചീമേനി ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ സംഘം പരിശോധിച്ചു. മാത്രമല്ല അവിടെ നിന്നും സാമ്പിളുകളും ശേഖരിച്ചു. രാജപുരത്തെ ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ പരിശോധിക്കുകയാണ്. നാളെ (നവംബർ 23) പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എസ്‌റ്റേറ്റിലുള്ള എൻഡോസൾഫാൻ പരിശോധിക്കും. എൻഡോസൾഫാൻ സൂക്ഷിച്ച ബാരലുകളുടെ സുരക്ഷിതത്വം ഉൾപ്പെടെയുള്ള കാര്യങ്ങളും ഇവർ പരിശോധിക്കുന്നുണ്ട്.
എൻഡോസൾഫാൻ ഉൾപ്പെടെ അപകടകരമായ കീടനാശിനി മാലിന്യങ്ങൾ നിർവീര്യമാക്കുന്നതിൽ മികവ് തെളിയിച്ചിട്ടുള്ള രാജ്യത്തെ പ്രമുഖ ഏജൻസികളായ ബറൂച്ച് എൻവിറോ ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് (ബിഇഐഎൽ), റാംകി എൻവിറോ എൻജിനീർസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പ്രതിനിധികളും സംഘത്തിലുണ്ട്. ഇവരാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. ഇവ ലാബുകളിൽ പരിശോധിച്ച് നിർവീര്യമാക്കാനുള്ള എസ്‌റ്റിമേറ്റ് കമ്പനികൾ സിപിസിബിക്ക് സമർപ്പിക്കും.
ഏറ്റവും കുറച്ച് തുക ക്വോട്ട് ചെയ്യുന്ന കമ്പനിയെ ഇതിനായി ചുമതലപ്പെടുത്താനാണ് തീരുമാനം. ഇക്കാര്യം അടുത്ത മാസം 2ന് നടക്കുന്ന സിറ്റിങ്ങിൽ സിപിസിബി ദേശീയ ഹരിത ട്രൈബ്യുണലിനെ അറിയിക്കും. കാസർകോട് എസ്‌റ്റേറ്റിൽ 700 ലീറ്ററും രാജപുരം എസ്‌റ്റേറ്റിൽ 450 ലീറ്ററും മണ്ണാർക്കാട് എസ്‌റ്റേറ്റിൽ 304 ലീറ്ററും ചീമേനി എസ്‌റ്റേറ്റിൽ ഖന രൂപത്തിൽ 10 കിലോ എൻഡോസൾഫാനുമാണ് കെട്ടിക്കിടക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.