തിരുവനന്തപുരം : പൊതുരംഗത്തുള്ള സ്ത്രീകളെയാകെ അവമതിപ്പോടെ കാണുന്ന ആൺകോയ്‌മ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു എന്ന് മന്ത്രി ആർ ബിന്ദു. ഇത് തെളിയിക്കുന്നതാണ് ആർഎംപി നേതാവിൻ്റെ പ്രസ്‌താവനയെന്നും മന്ത്രി വാർത്ത കുറിപ്പിൽ വിമർശിച്ചു.
മഞ്ജു വാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്‌താവന സ്ത്രീ സമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ്. ഇതുവഴി ലോക്‌സഭ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉടനീളം കെ കെ ശൈലജ ടീച്ചർക്കെതിരെ ലിംഗ നീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് വ്യക്തമായിരിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയത്തിലായാലും മറ്റു പൊതു പ്രവർത്തനത്തിലായാലും കലാരംഗത്തായാലും സ്ത്രീകളെ അശ്ലീല ധ്വനിയോടെ മാത്രം കാണുന്ന മാനസിക നിലയാണിതെന്നും അത്തരം മാനസികാവസ്ഥകളിൽ മാറ്റം വരുത്തിയേ തീരൂ എന്നും മന്ത്രി വ്യക്തമാക്കി. ലിംഗ നീതിയുടെ രാഷ്ട്രീയത്തിന് വില കൽപ്പിക്കുന്നുണ്ടെങ്കിൽ ഈ അവസരത്തിൽ തിരുത്തൽ ശക്തികളായാണ് കെകെ രമ അടക്കമുള്ള യുഡിഎഫിലെ സ്ത്രീ നേതൃത്വം നിൽക്കേണ്ടതെന്നും ന്യായീകരിക്കുകയല്ല, മറിച്ച് തെറ്റു തിരുത്തുകയാണ് വേണ്ടതെന്നും മന്ത്രി വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
യുഡിഎഫും ആർഎംപിയും ചേർന്ന് വടകരയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ആർഎംപി നേതാവ് ഹരിഹരന്‍ സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തുടങ്ങിയവര്‍ വേദിയിലിരിക്കെ ആയിരുന്നു ഹരിഹരന്‍റെ പരാമർശം. പിന്നാലെ വന്‍ വിമര്‍ശനവും പ്രതിഷേധവും ഇയാള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.
Also Read :വടകരയിലെ അശ്ലീല വിഡിയോ വിവാദം: സ്ത്രീവിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് - RMP Leader Sexist Remark