തിരുവനന്തപുരം: തിരുവല്ല നഗരസഭയിൽ റീൽ ചിത്രീകരിച്ച ജീവനക്കാർക്കെതിരെ ശിക്ഷ നടപടി വേണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ജീവനക്കാർക്കെതിരെ യാതൊരു തരത്തിലുള്ള ശിക്ഷ നടപടിയും സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി ജില്ലാ കലക്റുടെ നിർദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഞായറാഴ്‌ച ജോലിക്കെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടി.
സംഭവത്തിൽ തിരുവല്ല നഗരസഭ സെക്രട്ടറി റീൽസ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ജീവനക്കാരുടെ സർഗാത്മക-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് സർക്കാരിൻ്റെ പൂർണപിന്തുണയുണ്ടെന്നും എന്നാൽ ഔദ്യോഗിക കൃത്യനിർവഹണം, സർവീസ് ചട്ടങ്ങൾ എന്നിവയെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും ഇതു ചെയ്യാൻ ശ്രദ്ധിക്കണമെന്നും മന്ത്രി എംബി രാജേഷ് കൂട്ടിച്ചേർത്തു.
തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ വനിതകള്‍ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി നോട്ടീസ് നല്‍കിയത്. മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നായിരിന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് തന്നെ ജീവനക്കാർ വിശദീകരണം നൽകുകയായിരുന്നു. പിന്നാലെയാണ് മന്ത്രി എംബി രാജേഷിൻ്റെ എഫ്ബി പോസ്‌റ്റ് എത്തിയത്.
Also Read:കാക്കി അഴിച്ച് ചേറിലിറങ്ങി പൊലീസുകാര്‍; നാടന്‍ പാട്ടിന്‍റെ താളത്തിനൊപ്പം ഞാറും നട്ടു