കാസർകോട്ടെ 'മണ്ഡലം' എന്ന കുഞ്ഞുഗ്രാമം കാസർകോട് :സംസ്ഥാനത്ത്20 ലോക്‌സഭ മണ്ഡലങ്ങളാണുള്ളത്. അതിലൊന്ന് കാസർകോട് ആണ്. കാസര്‍കോട്ടാണെങ്കില്‍ ഒരു കൊച്ചു 'മണ്ഡലം' വേറെയുണ്ട്. പലര്‍ക്കും അത്ര പരിചിതമല്ല ഈ മണ്ഡലം. കാസർകോട് ജില്ലയിലെ ഒരു സ്ഥലത്തിന്‍റെ പേരാണ് 'മണ്ഡലം' എന്നത്.
കാഞ്ഞങ്ങാട് നഗരസഭയിലെ 22, 23 വാർഡുകളിലായി 70-ഓളം വീടുകൾ ഉൾക്കൊള്ളുന്ന ഗ്രാമമാണ് 'മണ്ഡലം'. പടിഞ്ഞാറ് മേനിക്കോട്ടും കിഴക്ക് വൈനിങ്ങാലും തെക്ക് ചൂട്ടുവവും വടക്ക് കുറ്റിയാന്തോലുമാണ് 'മണ്ഡല'ത്തിന്‍റെ അതിർത്തികൾ.
സ്ഥലത്തിന് 'മണ്ഡലം' എന്നപേര് കിട്ടിയതിനെക്കുറിച്ച് നാട്ടുകാർക്ക് ആർക്കും കൃത്യമായ അറിവില്ല. സമീപപ്രദേശങ്ങളേക്കാൾ ഉയർന്നുനിൽക്കുന്ന സ്ഥലമെന്ന നിലയിലാണ് 'മണ്ഡലം' എന്ന പേരുവന്നതെന്ന അഭിപ്രായം ചിലർക്കുണ്ട്. അതല്ല മറ്റ് സ്ഥലങ്ങളുടെ നടുവിൽ നിൽക്കുന്നതിനാലാണ് ഈ പേര് വന്നതെന്നും പറയപ്പെടുന്നു. മണ്ഡലേശ്വരി (ദുർഗ ദേവി) കുടികൊള്ളുന്ന സ്ഥലം ആയതിനാലാണ് ഈ പേര് വന്നതെന്നും അഭിപ്രായമുണ്ട്.
ALSO READ:ബോര്‍ഡുകള്‍ കുറവ്, മൈക്ക് അനൗണ്‍സ്‌മെന്‍റുകള്‍ കേള്‍ക്കാനില്ല, പ്രചാരണം തണുപ്പന്‍ മട്ടില്‍; തെരഞ്ഞെടുപ്പ് ആവേശം എത്താത്ത അതിർത്തി ഗ്രാമങ്ങൾ
പ്രധാന ആരാധനാലയമായ ധർമശാസ്‌ത ക്ഷേത്രം മണ്ഡലത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നത്. നാട്ടുകാരിൽ പലരുടെയും പേരിനുപിന്നിലും മണ്ഡലമുണ്ട്. സുകുമാരൻ മണ്ഡലവും വാദ്യകലാകാരൻ മാധവൻ മണ്ഡലവും ഓട്ടോ ഡ്രൈവർ രാമചന്ദ്രൻ മണ്ഡലവും ചുമട്ടുതൊഴിലാളി ഹരീഷ് മണ്ഡലവും ചിലത് മാത്രം. മണ്ഡലത്തിന്‍റെ സമീപപ്രദേശവും വ്യത്യസ്‌തമായ പേരിൽ അറിയപ്പെടുന്നുണ്ട്. ഭൂദാനം എന്നാണ് നഗരസഭയിലെ ആ നാടിന്‍റെ പേര്. ഏതായാലും ഗ്രാമ ഭംഗികൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണവും ഇവിടെ തകൃതിയായി നടക്കുന്നുണ്ട്.