പത്തനംതിട്ട:അടൂർ ആനന്ദപ്പള്ളിയിലെ ബിഎസ്എൻഎൽ ടവർ റൂമിൽ സ്ഥാപിച്ചിരുന്ന ലക്ഷങ്ങൾ വില വരുന്ന ഒപ്റ്റിക്കൽ ലൈൻ ടെർമിനലും മൊഡ്യൂളുകളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുകളും മോഷ്‌ടിച്ച കേസിൽ ഒരാളെ അടൂർ പൊലീസ് പിടികൂടി. അടൂർ പന്നിവിഴ ആനന്ദപ്പള്ളി കൈമലപുത്തൻവീട്ടിൽ സതീഷ് കുമാർ (39) ആണ് അറസ്റ്റിലായത്. ബിഎസ്എൻഎൽ അടൂർ ഡിവിഷൻ പരിധിയിൽ ഒപ്റ്റിക്കൽ ഇൻ്റർനെറ്റ് സേവനം നൽകുന്നതിന് കരാർ എടുത്തിട്ടുള്ള സിഗ്നൽ കമ്പനിയുടെ ഉപകരണങ്ങളാണ് ഏപ്രിൽ 14-ന് മോഷ്‌ടിക്കപ്പെട്ടത്.
ഇൻ്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള ഈ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ആനന്ദപ്പള്ളി ബിഎസ്‌എൻഎൽ ടവർ റൂമിൻ്റെ പൂട്ട് പൊളിച്ച് അതിക്രമിച്ച് കയറി ഒപ്റ്റിക്കൽ ലൈൻ ടെർമിനൽ അതിൽ ഘടിപ്പിച്ചിരുന്ന എട്ട് മൊഡ്യൂളുകൾ, 5000 മീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ എന്നിവ പ്രതി മോഷ്‌ടിച്ച് കടത്തുകയായിരുന്നു. കമ്പനിക്ക് രണ്ടുലക്ഷത്തിലേറെ രൂപയുടെ നഷ്‌ടം സംഭവിച്ചു.