പത്തനംതിട്ട:കൂടലില്‍ 14 കാരനെ ക്രൂര മര്‍ദനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റില്‍. കൂടല്‍ സ്വദേശി രാജേഷാണ് അറസ്റ്റിലായത്. മകനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആറിലുള്ളത്. കുട്ടിയുടെ മര്‍മ ഭാഗത്തും തുടയിലും വയറിലും മര്‍ദനമേറ്റിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
കേസില്‍ അന്വേഷണം നടത്തി ഇന്നലെ പൊലീസ് പിതാവിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിതാവ് ബെല്‍റ്റ് കൊണ്ട് അടിച്ചെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.
മകന് ക്രൂര മര്‍ദനമേറ്റതായി മാതാവും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെയും മര്‍ദനത്തിന്‍റെ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പിതാവിനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്നലെയാണ് പിതാവ് മകനെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഇതിന് പിന്നാലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കൂടല്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. പിതാവ് ലഹരിക്ക് അടിമയാണെന്നാണ് ലഭിക്കുന്ന വിവരം.
വീട്ടിലെത്തിയ ഇയാള്‍ മകനെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ ബന്ധുക്കള്‍ മര്‍ദന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട രാജേഷ് തുറന്നിട്ട വാതില്‍ അടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ലഹരിക്ക് അടിമയായ ഇയാളെ ഭാര്യ ഡിഅഡിക്ഷന്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചിരുന്നതായി ഭാര്യ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സ്ഥിരമായി മദ്യപിച്ച് എത്തുന്ന ഇയാള്‍ തന്നെയും മര്‍ദിക്കാറുണ്ടെന്നും ഭാര്യ പറഞ്ഞു.
Also Read:പത്തനംതിട്ടയിൽ 13കാരന് പിതാവിന്‍റെ ക്രൂര മർദനം; ദൃശ്യം മൊബൈലില്‍ പകര്‍ത്തി ബന്ധുക്കള്‍, പൊലീസിൽ പരാതി നൽകി സിഡബ്ല്യൂസി