അന്ന് നിറയെ മാലിന്യം, ഇന്ന് ഇത് ‘സ്നേഹാരാമം’; കാത്തുവെക്കാം ഈ സ്നേഹത്തെ കോഴിക്കോട്: നാടിന്‍റെ നാനാഭാഗത്തും സ്നേഹാരാമങ്ങൾ പലതുണ്ട്. എന്നാൽ തെല്ലു വ്യത്യസ്തമാണ് കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിലെ എൻഎസ്എസ് യൂണിറ്റിന്‍റെ ഈ സ്നേഹാരാമം. ഇവിടെ എത്തുന്ന ആരും ഒന്ന് കൗതുകത്തോടെ നോക്കി പോകും. അത്രയും മനോഹരമാണ് കാഴ്ചകൾ. (kozhikode providence womens college).
ഈജിപ്ഷ്യൻ വാസ്തു ശൈലിയും ചിത്രങ്ങളും കോർത്തിണക്കിയുള്ള വേറിട്ട സ്നേഹാരാമമാണ് പ്രൊവിഡൻസ് വിമൻസ് കോളേജിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ ഇവിടെ ഒരുക്കിയത്. കണ്ണാടിക്കൽ-പ്രൊവിഡൻസ് കോളേജ് റോഡിന്‍റെ അരികിലാണ് 'ദ സ്ഫിങ്സ് കോർണർ' എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്തമായ ഈ സ്നേഹാരാമം തയ്യാറാക്കിയത്. നേരത്തെ മാലിന്യ നിക്ഷേപ കേന്ദ്രമായ ഈ റോഡരികിൽ ഇത്തരത്തിലൊരു സ്നേഹാരാമമൊരുക്കാന്‍ ഇവര്‍ നാല് ദിവസമെടുത്തു.
പാഴ് വസ്തുക്കളിലാണ് രൂപങ്ങളും ചിത്രങ്ങളും മറ്റ് നിർമ്മിതികളും തയ്യാറാക്കിയത്. സ്നേഹാരാമത്തിന്‍റെ ചുമരുകളിൽ ഏറെയൊന്നും പരിചിതമല്ലാത്ത പിരമിഡും മമ്മിയും എല്ലാം ചിത്രങ്ങളായി സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടാതെ മനോഹരമായ ഇരിപ്പിടങ്ങളും സ്നേഹാരാമത്തിലുണ്ട്. ചെറിയൊരു പൂന്തോട്ടവും സ്നേഹാരാമത്തിന് കാഴ്ച്ച ഭംഗിയൊരുക്കുന്നുണ്ട്.
എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ തന്നെയാണ് എല്ലാ പ്രവർത്തികളും ചെയ്തത്. എങ്ങനെ വ്യത്യസ്തമാക്കാം എന്ന ചിന്തയിൽ ടീച്ചേഴ്‌സിന്‍റെ മനസ്സിൽ ഉദിച്ച ആശയം കുട്ടികൾ പ്രാവർത്തികമാക്കുകയായിരുന്നു. അങ്ങനെ ഒരു മാലിന്യ നിക്ഷേപ കേന്ദ്രം കൂടി എൻഎസ്എസ് യൂണിറ്റ് അംഗങ്ങളുടെ കരവിരുതിൽ സ്നേഹാരാമമായി പിറവിയെടുക്കുകയാണ്. ഇനിയിത് ചേർത്തുപിടിക്കാൻ നമുക്ക് ഒരുമിച്ചു നില്‍ക്കാം...