രാജനഗരിയിലേക്ക് കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു എറണാകുളം: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനലിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ഫ്ലാഗ് ഓഫ് ചെയ്‌തത്. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയായി.
എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെ 1.16 കിലോമീറ്റർ പാതയും, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുമാണ് മോദി രാജ്യത്തിന് സമർപ്പിച്ചത്. പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള സംസ്ഥാന സർക്കാറിൻ്റെ ശ്രമങ്ങളുടെ വിജയമാണ് ആദ്യഘട്ടത്തിൻ്റെ പൂർത്തികരണമെന്ന് ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടി കാണിച്ചു.
തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എംപി, മെട്രോ എംഡി ലോക് നാഥ് ബെഹ്റ ഉൾപ്പടെ ജനപ്രതിനിധികളും വിവിധ വിശിഷ്‌ഠ വ്യക്തികളും പങ്കെടുത്തു (PM Modi flags off Kochi Metro from the 'royal' Thripunithura Terminal station).
തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രൈൻ ആലുവ സ്റ്റേഷനിലേക്ക് യാത്ര ചെയ്‌തു. തുടർന്നാണ് പൊതുജനങ്ങൾക്കായി തൃപ്പൂിത്തുറയിൽ നിന്ന് ട്രെയിൻ സർവ്വീസ് ആരംഭിച്ചത്.
ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽ നിന്ന് എസ്.എൻ ജംഗ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ തന്നെയാണ് തൃപ്പൂണിത്തുറയിലേക്കും ഈടാക്കുന്നത്.
തൃപ്പൂണിത്തുറയിലേക്ക് മെട്രോയെത്തുമ്പോൾ കൊച്ചി മെട്രോയുടെ ആദ്യഘട്ടമാണ് വിജയകരമായി പൂർത്തിയാക്കുന്നത്. ഇതോടൊപ്പം പ്രവർത്തന ലാഭത്തിലെന്ന മികവോടെയാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്.
മെട്രോ സ്റ്റേഷനും രാജനഗരിയുടെ പ്രൌഢിയോടെയാണ് ഒരുങ്ങിയിരിക്കുന്നത്. മെട്രോ സ്റ്റേഷനും തൂണുകളും മ്യൂറൽ ചിത്രങ്ങളാലാണ് അലങ്കരിച്ചത്. മലയാളിയുടെ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയത്തിലെ വിവിധ കാഴ്ച്ചകളാണ് മ്യൂറൽ ചിത്രങ്ങളുടെ വിഷയം (PM Modi flags off Kochi Metro from the 'royal' Thripunithura Terminal station).
കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്‍പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാൻസ് മ്യൂസിയം ഈ സ്റ്റേഷന്‍റെ മറ്റൊരു പ്രത്യേകതയാണ്. ഈ സ്റ്റേഷനിൽ തയ്യാറാക്കിയ ഡാൻസ് മ്യൂസിയവും താമസിയാതെ പൊതുജനങ്ങൾക്കായി തുറന്ന് നൽകും. ഈ സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിലും ലൈറ്റുകളിലും മറ്റ് ഇൻറ്റീരിയർ ഡിസൈനിലുമെല്ലാം രാജനഗരിയുടെ പ്രൗഡി പ്രകടമാണ്.
1.35 ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷൻ നിർമ്മിച്ചത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്.
ഓപ്പൺ വെബ് ഗിർഡർ സാങ്കേിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്.എൻ ജംഗ്ഷൻ- തൃപ്പൂണിത്തുറ സ്റ്റേഷനുകൾക്കിടയിലെ 60 മീറ്റർ മേഖലയിലാണ്. എസ് എൻ ജംഗ്ഷൻ സ്റ്റേഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ വരെ 1.16 കിലോമീറ്റർ ദൂരമാണുള്ളത്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്.