തിരുവനന്തപുരം : അരുണാചലിലെ സിറോയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതിമാരെയും യുവതിയേയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം, വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായർ (29), കോട്ടയം, മീനിടം നെടുംപൊയ്‌കയിൽ നവീൻ തോമസ് (39), നവീൻ തോമസിന്‍റെ ഭാര്യ തിരുവനന്തപുരം, വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശി ദേവി (39) എന്നിവരെ ഇന്നലെയാണ് അരുണാചലിന്‍റെ തലസ്ഥാനമായ ഇറ്റാനഗറിൽ നിന്നും 100 കിലോമീറ്ററോളം മാറി സിറോയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിലെ കട്ടിലിൽ നിന്നാണ് ദേവിയുടെയും ആര്യയുടെയും മൃതദേഹം കണ്ടെത്തിയത്. ഇവരെ ഹോട്ടൽ ജീവനക്കാരാണ് ആദ്യം കണ്ടത്. ശേഷം പൊലീസ് എത്തി പരിശോധിച്ചപ്പോൾ മുറിയിലെ ബാത്‌റൂമിൽ നിന്നുമാണ് നവീനിന്‍റെ മൃതദേഹം കണ്ടെത്തിയതെന്നും അരുണാചൽ ഇറ്റാനഗർ എസ് പി കെനി ബാഗ്ര ഇടിവി ഭാരതിനോട് പറഞ്ഞു.
മുറിയിൽ നിന്നും വീട്ടുകാരുടെ പേരും നമ്പറുമെഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നുമാണ് പൊലീസ് വീട്ടുകാരെ ബന്ധപ്പെടുന്നത്. മൃതദ്ദേഹത്തിൽ മുറിവുകളുണ്ട്. മാത്രമല്ല മുറിയിൽ മുഴുവൻ രക്തമാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
മരിച്ചവരുടെ ബന്ധുക്കൾ അസമിലെ ഗുവാഹത്തിയിൽ എത്തിയതായാണ് വിവരം. ഇവരുമായി ഇന്ന് തന്നെ സംസാരിക്കണമെന്നും അധികൃതർ അറിയിച്ചു. കേരള പൊലീസും സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്തെങ്കിലും നിഗമനത്തിലേക്ക് ഇപ്പോൾ എത്താനാകില്ലെന്ന് കെനി ബാഗ്ര എസ് പി അറിയിച്ചു. വട്ടിയൂർക്കാവ് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണത്തിനായി അരുണാചലിലേക്ക് തിരിച്ചത്.
മരണകാരണം ദുർമന്ത്രവാദമോ? :ദുർമന്ത്രവാദത്തിന്‍റെ ഭാഗമായിട്ടാണോ ദമ്പതികളും സുഹൃത്തും മരണപ്പെട്ടതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശികളായ ആര്യയുടെയും ദേവിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി ഇതു സ്ഥിരീകരിക്കുന്നതാണ്.
ഇരുവരും മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകൾ കുറേ നാളായി കാണുന്നതായി സൈബർ പൊലീസിന്‍റെ പരിശോധനയിൽ മനസിലായതായാണ് വിവരം. മൃതദ്ദേഹത്തിൽ മുഴുവൻ മുറിവുകൾ കാണപ്പെടുന്നതായി ഇറ്റാനഗർ പൊലീസ് പറയുന്നു. ഇതിന്‍റെയൊക്കെ അടിസ്ഥാനത്തിലാണ് പൊലീസ് ദുർമന്ത്രമാണോ മരണത്തിന് പിന്നിലെന്ന് സംശയിക്കുന്നത്. എന്നാൽ ഇതു സ്ഥിരീകരിക്കുന്ന ശക്തമായ തെളിവുകൾ കേരള പൊലീസിനോ അരുണാചൽ പൊലീസിനോ ലഭിച്ചിട്ടില്ല.
ഇരുവരും വർഷങ്ങളായി സുഹൃത്തുക്കൾ :മരണപ്പെട്ട ദേവിയും ആര്യയും തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപകരായി ഒരുമിച്ച് ജോലി ചെയ്‌ത് തുടങ്ങിയത് മുതൽ പരിചയക്കാരാണ്. നവീനും ദേവിയും തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ കോളജിൽ പഠന കാലത്താണ് പരിചയപ്പെടുന്നത്. 14 വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.
ആയുർവേദ ഡോക്‌ടർമാരായി ദീർഘകാലം തിരുവനന്തപുരത്ത് ഉൾപ്പെടെ ജോലി ചെയ്‌ത ശേഷമാണ് നവീനും ഭാര്യ ദേവിയും ജോലി അവസാനിപ്പിച്ച് കോട്ടയത്തേക്ക് മടങ്ങിയത്. കൊവിഡിന് മുൻപ് വരെ ദേവി ആര്യയോടൊപ്പം സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്‌ത് വരികയായിരുന്നു. സ്‌കൂളിൽ ദേവി ജർമ്മൻ ഭാഷയും ആര്യ ഫ്രഞ്ച് ഭാഷയുമായിരുന്നു പഠിപ്പിച്ചിരുന്നത്. നാളുകളായി ദേവിയും ആര്യയും ഫോണിലൂടെ നിരന്തരം ബന്ധപ്പെടാതിരുന്നതായി ഇരുവരുടെയും ഫോണുകൾ പരിശോധിച്ചതിലൂടെ പൊലീസ് മനസിലാക്കിയിട്ടുണ്ട്.
വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെ മരണവാർത്ത :മേയ് 6 നായിരുന്നു തിരുവനന്തപുരം, വട്ടിയൂർക്കാവ് സ്വദേശിനി ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അപ്രതീക്ഷിതമായി എത്തിയ മരണവിവരം നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. മാതാപിതാക്കളായ അനിൽകുമാറും ബാലാംബികയും ക്ഷണക്കത്ത് ഉൾപ്പെടെ തയ്യാറാക്കി നാട്ടുകാരെ മുഴുവൻ കല്യാണത്തിന് ക്ഷണിച്ച് തുടങ്ങിയിരുന്നു.
ALSO READ : ഇറ്റാനഗറില്‍ മലയാളികളുടെ മരണം; പിന്നില്‍ ദുര്‍മന്ത്രവാദം ആണെന്ന സംശയത്തിൽ പൊലീസ്
മരണത്തിന് ആര്യ വിസമ്മതം ഒന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്. സുഖമില്ലെന്ന് പറഞ്ഞു ഒരാഴ്‌ചയായി ആര്യ സ്‌കൂളിൽ പോയിരുന്നില്ല. എന്നാൽ ഇക്കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല. ആര്യയെ കാണാതായതോടെ മെയ് 28 ന് പിതാവ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സുഹൃത്തുക്കൾക്കൊപ്പമോ മറ്റെവിടെയെങ്കിലുമോ പോയതാകുമെന്ന പ്രതീക്ഷയിലും കല്യാണം ഉറപ്പിച്ചതിനാലും ആര്യയെ കാണാതായ വിവരം വീട്ടുകാരും പൊലീസും രഹസ്യമായാണ് കൈകാര്യം ചെയ്‌തത്.