കാസര്‍കോട് : ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എം. രമയ്‌ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ഒന്നര വര്‍ഷം മുന്‍പ് അധ്യാപികയ്‌ക്കെതിരെ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് വിരമിക്കല്‍ ദിനത്തില്‍ കോളജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ റിപ്പോര്‍ട്ട്. അതേ സമയം സര്‍ക്കാര്‍ നടപടി എസ്എഫ്ഐ നേതാക്കളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണെന്നാണ് എം. രമയുടെ വാദം.
2022 ഓഗസ്റ്റില്‍ കോളജില്‍ പി ജി പ്രവേശനത്തിനെത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ വിദ്യാര്‍ഥിനിയോടും പിതാവിനോടും എം രമ മോശമായി പെരുമാറിയെന്നും പ്രവേശന നടപടി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ലെന്നുമാണ് പരാതി. പരാതിയില്‍ 2022 നവംബറില്‍ തന്നെ വിദ്യാര്‍ഥിനിക്ക് ടിസി നല്‍കിയതിന്‍റെ രേഖകള്‍ സഹിതം എം. രമ സര്‍വകലാശാലയ്ക്ക് വിശദീകരണവും നല്‍കിയിരുന്നു.
ഇതേ പരാതിയിലാണ് അധ്യാപികയുടെ വിരമിക്കല്‍ ദിനത്തില്‍ കോളജ് വിദ്യാഭ്യാസ ഡയറക്‌ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ വിരമിക്കല്‍ ദിനത്തിലെ നടപടി തന്‍റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടയാനാണെന്നാണ് എം രമയുടെ ആരോപണം.
എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ പ്രിൻസിപ്പലിന്‍റെ ചുമതല വഹിച്ചിരുന്ന രമയെ കോളജില്‍ നിന്ന് സ്ഥലം മാറ്റിയിരുന്നു. കോളജിലെ വിദ്യാർഥിനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ വകുപ്പ് തല അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.