കോഴിക്കോട്:എംഡിഎംഎ അടക്കമുള്ള ലഹരി ഉത്‌പന്നങ്ങളുടെ ഉപഭോഗവും വിൽപനയും നാട്ടിൽ വർധിച്ച് വരികയാണ്. ഇത്തരം ലഹരി ഉത്‌പന്നങ്ങൾ ഉപയോഗിക്കുന്നവർ വീട്ടിലോ, അയൽപക്കത്തോ, കുടുംബത്തിലോ, കൂട്ടുകാരുടെ ഇടയിലോ ഉണ്ടോ എന്ന് കണ്ടെത്തുക ഏറെ ശ്രമകരമാണ്. എന്നാൽ, ലഹരി ഉത്‌പന്നങ്ങൾ ഉപയോഗിക്കുന്നത് മുതലുള്ള ഒരാളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയാണ് തോമസ് ചാക്കോ എന്ന ഫേസ്ബുക്ക് അക്കൗണ്ട്. ബിനീഷ് കോടിയേരി പങ്കുവച്ചതോടെ ഈ ഫേസ്ബുക്ക് പോസ്‌റ്റ് വ്യാപകമായി പ്രചരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്‌റ്റിന്‍റെ പൂർണരൂപം:സിന്തറ്റിക്ക് ലഹരി, അഥവാ നാട്ടിൽ എംഡിഎംഎ, മെത്ത്, കല്ല് എന്നൊക്കെ അറിയപ്പെടുന്ന ലഹരികൾക്ക് അടിമയായ ഒരാൾ നിങ്ങളുടെ വീട്ടിലോ, അയൽപ്പക്കത്തോ, കുടുംബത്തിലോ, കൂട്ടുകാരുടെ ഇടയിലോ ഉണ്ടെങ്കിൽ എങ്ങനെ നിങ്ങൾക്ക് അവരെ തിരിച്ചറിയാൻ ആവും? എന്‍റെ അനുഭവത്തിൽ ഞാൻ രണ്ട് യുവാക്കളുടെ കേസിൽ ഇടപെട്ടിട്ടുണ്ട്, അവരെ രണ്ടുപേരെയും റിക്കവർ ആക്കിയിട്ടും ഉണ്ട്, ആ അനുഭവത്തിൽ നിന്ന് ഞാൻ മനസിലാക്കിയ കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.
മേൽ ചോദിച്ച ചോദ്യത്തിന് ഉത്തരം സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുന്ന ഒരാളുടെ തുടക്കത്തിൽ തന്നെ അയാളുടെ വീട്ടുകാർക്ക് പോലും അയാൾ അത് ഉപയോഗിക്കുന്നു എന്ന് മനസിലാക്കി എടുക്കാൻ സാധിക്കില്ല. ഏറ്റവും അടുത്തവർ പോലും മനസിലാക്കി വരുമ്പോഴേക്കും അയാൾ പൂർണമായും അതിന് അടിമയായി തീർന്നിരിക്കും. എന്നാൽ കൂടെ സമയം ചെലവഴിക്കുന്നവർക്ക് ലഹരിക്ക് അടിമയായ ആളുകളെ മനസിലാക്കാൻ പറ്റുന്ന പല റിക്കവറി സ്‌റ്റേജുകൾ/സൂചനകൾ ഉണ്ട്, അതാണ് ഇവിടെ ഏറ്റവും പ്രധാനം.
ഒരു യുവാവ് ലഹരി ഉപയോഗിച്ച് തുടങ്ങുന്നത് കൂട്ടുകെട്ടുകളുടെ കൂടെ ആയിരിക്കും. കുറഞ്ഞത് അയാൾക്ക് ആ ലഹരി പരിചയപ്പെടുത്തി കൊടുക്കാനും സംഘടിപ്പിച്ച് കൊടുക്കാനും ഒരാൾ എങ്കിലും അയാളുടെ കൂടെ കാണും, അത് മിക്കവാറും അയാളുടെ കൂട്ടുകാരൻ ആവാം, നാട്ടുകാരൻ ആവാം, അയാൾക്ക് നല്ല പരിചയമുള്ള ആരുമാവാം.
ആദ്യത്തെ ഉപയോഗം ചിലപ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും ഉപയോഗം മിക്കവാറും ഫ്രീ ആയിരിക്കും, അതിനുവേണ്ടി ആ യുവാവ് കാശ് മുടക്കേണ്ടി വരില്ല. ലഹരി ഉപയോഗിക്കുന്ന കൂട്ടുകാരന്‍റെ/ പരിചയക്കാരന്‍റെ/ ഏജന്‍റിന്‍റെ വക ആയിരിക്കും ആ സമ്മാനം. എന്നാൽ പിന്നീട് അങ്ങോട്ട് ഇതിനുവേണ്ടി കാശ് സ്വന്തം കയ്യിൽ നിന്ന് ചെലവായി തുടങ്ങും ഇതാണ് അയാളെ തിരിച്ചറിയാനുള്ള ഒന്നാമത്തെ ലക്ഷണം.
ലഹരിക്ക് അടിമയായി തുടങ്ങിയ യുവാവിന്‍റെ കയ്യിൽ പണം തികയാതെ വരും, അവർ വീട്ടിൽ നിന്നും പരിധിയിൽ കവിഞ്ഞു പണം ആവശ്യപെട്ടു തുടങ്ങും, കൂട്ടുകാരുടെ അടുത്ത് നിന്നൊക്കെ കടം വാങ്ങാൻ തുടങ്ങും, വീട്ടിലെ സ്വർണം എടുക്കും, പെണ്ണുങ്ങളെ കൊണ്ട് പണയം വയ്പ്പിക്കും, ക്രെഡിറ്റ് കാർഡിൽ ഒക്കെ ലോൺ എടുക്കും, ബാങ്കിൽ ബാധ്യത ആക്കും, ജോലി ചെയ്യുന്ന യുവാവ് ആണെങ്കിൽ ആ ജോലിയും അതിന്‍റെ ശമ്പളവും മതിയാകാതെ വരും, വീട്ടിൽ എല്ലാ സൗകര്യവുമുള്ള ഗൾഫിൽ നിന്നും മാസം പണം കൃത്യമായി വരുന്ന കുടുംബത്തിലെ അംഗമാണെങ്കിൽ അവന് പണത്തിന് ചിലപ്പോൾ കുറവൊന്നും കാണില്ല. ഈ അമിത ചെലവിന് അവർ പല ന്യായീകരണങ്ങളും നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കും, അവരുടെ ആവശ്യം അടുത്ത ഡോസ് ലഹരി വാങ്ങിക്കാനുള്ള പണം നേടുക എന്നത് മാത്രമാണ്.
പണം കിട്ടാതെ ആയാൽ അവർ വൈലന്‍റ് ആയേക്കും, ചിലപ്പോൾ മോഷ്‌ടിക്കും, ചിലപ്പോൾ പണത്തിന് വേണ്ടി നിയമം ലംഘിച്ച് പലതും ചെയ്യാൻ തയ്യാറായേക്കും, ഈ അവസരം മുതലാക്കി ലഹരി വിൽക്കുന്ന ഏജന്‍റ് ഇയാളെ അവരുടെ റാക്കറ്റിൽപ്പെടുത്താൻ നോക്കും, അവർക്ക് ഇതിൽ നിന്ന് തന്നെ വരുമാനം ഉണ്ടാക്കാം എന്ന് അവരെ ബോധിപ്പിച്ച് ഉപയോഗത്തിനൊപ്പം അവരെ ലഹരിയുടെ ഏജന്‍റാക്കി മാറ്റാനും സാധ്യത വളരെ കൂടുതലാണ്.
കാരണം സിന്തറ്റിക്ക് ലഹരിക്ക് കാശ് കൂടുതൽ വേണം, ലഹരിക്ക് അടിമയായ ഒരു യുവാവിന്‍റെ അടുത്ത പ്രശ്‌നം പണം ആയിരിക്കും. അവന്‍റെ പിന്നീടുള്ള ജീവിതം എങ്ങനെയും പണം നേടണം എന്ന ലക്ഷ്യം വച്ചുള്ളതാവും. അടുത്ത് ഇടപഴകുന്നവർക്ക് ഇയാളെ മനസിലാക്കാനുള്ള ആദ്യത്തെ ഒരു വഴി അയാളുടെ പണത്തിനോടുള്ള ആവശ്യവും അതിന്‍റെ ചെലവഴിക്കൽ വഴിയുമാണ്.
സിന്തറ്റിക്ക് ലഹരിക്ക് പൂർണമായി അടിമയായി കഴിഞ്ഞാൽ അഥവാ സ്ഥിരമായി ഉപയോഗിച്ച് തുടങ്ങിയാൽ അയാളുടെ സ്വഭാവത്തിൽ കൃത്യമായ മാറ്റങ്ങൾ പ്രകടമാകും, ഒരിക്കലും അയാൾക്ക് പഴയ മനുഷ്യനായി തുടരാനോ ഒരു സാധാരണ സ്വഭാവം വച്ച് പുലർത്താനോ സാധിക്കില്ല. അതുപോലെ സിന്തറ്റിക്ക് ലഹരിക്ക് അടിമയായവരുടെ സ്വഭാവം മിക്കപ്പോഴും ഒരുപോലെ ആയിരിക്കും.
ഞാൻ ഇടപെട്ട രണ്ട് കേസിലും പിന്നീട് അവരുടെ റിഹാബിറ്റേഷനുമായി പോയപ്പോൾ അവിടെ ഉള്ള ഇതേ അവസ്ഥയുള്ള മറ്റ് യുവാക്കളുടെ സ്വഭാവം നേരിട്ട് കണ്ടപ്പോളും അവരോട് കാര്യങ്ങൾ സംസാരിച്ച് മനസിലാക്കിയപ്പോഴും എനിക്ക് മനസിലായത് ഇവർക്ക് എല്ലാവർക്കും ഒരേ പോലുള്ള സ്വഭാവ വൈകല്യങ്ങൾ/ സവിശേഷതകൾ പ്രകടമായി എന്നതാണ്.
ഞാൻ ഇടപെട്ട രണ്ട് കേസിലും, ഞാൻ നേരിട്ട് സംസാരിച്ച ഏതാണ്ട് പത്തോളം മറ്റ് യുവാക്കളുടെ കേസിലും ആ യുവാക്കളും അവരുടെ വീട്ടുകാരും പറഞ്ഞ ഇവരുടെ സ്വഭാവത്തെ കുറിച്ചുള്ള കാര്യങ്ങൾ തമ്മിൽ 90 ശതമാനം കാര്യങ്ങളും ഒരുപോലെ ആയിരുന്നു. ലഹരി സ്ഥിരമായി ഉപയോഗിച്ച് തുടങ്ങിയാൽ ഇവർക്ക് ഉണ്ടാവുന്ന ഒരു മാറ്റം അവരുടെ ഉറക്കവുമായി ബന്ധപ്പെട്ടാണ്.
ലഹരി ഉപയോഗിച്ച ശേഷം ഇവർ ഒരു രാത്രിയും അടുത്ത പകലും മുഴുവൻ ഉറങ്ങാതെ ഹൈപ്പർ ആക്റ്റീവ് ആയി നിന്നേക്കും, എന്നാൽ മറ്റ് ചിലപ്പോൾ അടുത്ത ഒരു രാവും പകലും മുഴുവൻ ബോധംകെട്ട വിധം കിടന്ന് ഉറങ്ങുകയും ചെയ്യും. ഇതിന്‍റെ ഇടയിൽ ചിലപ്പോൾ അവർക്ക് ഭക്ഷണം പോലും വേണ്ടി വരില്ല.
ലഹരിക്ക് അടിമയായി കഴിയുന്ന ഒരാൾക്ക് പിന്നീട് ഉണ്ടാവുന്ന ഒരു സ്വഭാവ വ്യത്യാസം സംശയം ആയിരിക്കും. സ്വന്തം മാതാവ് മുതൽ കാമുകി അനിയൻ സുഹൃത്ത് നിങ്ങൾ അവരുടെ ആരുമാവട്ടെ, അവർ നിങ്ങളെ സംശയിച്ചു തുടങ്ങും, നിങ്ങളുടെ സംസാരത്തിൽ അവരോടുള്ള ഇടപെടലിൽ എല്ലാം നിങ്ങൾ സ്വപ്‌നത്തിൽ പോലും ചിന്തിക്കാത്ത ചില കാര്യങ്ങൾ അവർ കണ്ടെത്തും, അവർ നിങ്ങളോട് ആകാരണമായി തർക്കിക്കും, വഴക്ക് കൂടും, പൊട്ടിതെറിക്കും. ഈ സ്‌റ്റേജ് ഒന്ന് കൂടെ കഴിഞ്ഞാൽ, ഇവർക്ക് നിങ്ങളോടുള്ള സംശയത്തിന്‍റെ ലെവൽ മാറും.