നെടുങ്കണ്ടത്ത് കുടിവെള്ളക്ഷാമം രൂക്ഷം, പ്രതിസന്ധിയിലായി ജനങ്ങൾ ഇടുക്കി: കുടിവെള്ള പദ്ധതികള്‍ പലതുണ്ടെങ്കിലും ഇടുക്കിയിലെ നെടുങ്കണ്ടം ഉമ്മാക്കടയില്‍ കുടിവെള്ളം ലഭിക്കുന്നില്ല. ഗ്രാമീണ മേഖലയായ ഉമ്മാക്കട കടുത്ത ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. മേഖലയിലെ ജലക്ഷാമം പരിഹരിയ്ക്കുന്നതിനായി പല പദ്ധതികളും ആരംഭിച്ചിരുന്നു. എന്നാൽ ഒന്നും തന്നെ യാഥാര്‍ത്ഥ്യമായില്ലെന്നതാണ് സത്യം.
ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പ്രദേശത്ത് ഒരു കുളവും, പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ജലസംഭരണിയും നിര്‍മിച്ചിരുന്നു. തുടർന്ന് ഇവിടെനിന്ന് ജലം വിതരണം ചെയ്‌തിരുന്നെങ്കിലും നിലവില്‍ പദ്ധതി പ്രവര്‍ത്തന രഹിതമാണ്. ഏതാനും നാളുകള്‍ക്ക് മുന്‍പ് പ്രദേശത്ത് ടാങ്ക് നിര്‍മിക്കുകയും മോട്ടോർ സ്ഥാപിക്കുകയും ചെയ്‌തിരുന്നു. ചാറല്‍മേട്ടില്‍ കുഴല്‍ കിണര്‍ നിര്‍മ്മിച്ചെങ്കിലും ഇവിടെയും വെള്ളമില്ല.
നിലവില്‍ പഞ്ചായത്ത് വാഹനത്തില്‍ എത്തിച്ച് നല്‍കുന്ന 600 ലിറ്റർ വെള്ളമാണ് ഉമ്മാക്കടവാസികളുടെ ഏക ആശ്രയം. ആഴ്‌ചയില്‍ രണ്ട് തവണയാണ് ഈ വെള്ളം ലഭിക്കുന്നത്. പഞ്ചായത്ത് ആഴ്‌ചയില്‍ രണ്ട് തവണ മാത്രം നൽകുന്ന 600 ലിറ്റർ വെള്ളം കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പൂര്‍ണ്ണമായും കൂലിവേലക്കാരായ നിര്‍ധന കുടുംബങ്ങള്‍ കഴിയുന്ന മേഖലയാണ് ഇവിടം. വന്‍ വിലകൊടുത്ത് വെള്ളം വാങ്ങേണ്ട അവസ്ഥ ഇവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്. പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കിയാൽ പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
Also read: കുടിവെള്ളം മുടങ്ങി; പഞ്ചായത്ത് ഓഫീസിൽ കുളിച്ച് പ്രതിഷേധിച്ച് ക്ഷേമകാര്യ സ്‌റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ