കേരളം

kerala

ETV Bharat / sports

'കൂവലും വിമര്‍ശനങ്ങളും അതിജീവിക്കും'; ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പിന്തുണയുമായി ട്രെന്‍റ് ബോള്‍ട്ട് - Trent Boult backs Hardik Pandya

ആരാധക രോഷം നേരിടുന്ന മുംബൈ ഇന്ത്യൻസ് നായകന് പിന്തുണയുമായി രാജസ്ഥാൻ റോയല്‍സ് പേസര്‍ ട്രെന്‍റ് ബോള്‍ട്ട്.

HARDIK PANDYA VS FANS  ROHIT SHARMA HARDIK PANDYA  MI VS RR  IPL 2024
TRENT BOULT BACKS HARDIK PANDYA

By ETV Bharat Kerala Team

Published : Apr 1, 2024, 10:09 AM IST

മുംബൈ:ഐപിഎല്‍ പതിനേഴാം പതിപ്പിലെ ആദ്യ ഹോം മത്സരത്തിനായി മുംബൈ ഇന്ത്യൻസ് ഇന്ന് ഇറങ്ങുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധയെത്തുന്നത് അവരുടെ നായകൻ ഹാര്‍ദിക് പാണ്ഡ്യയിലേക്കാണ്. മുംബൈ ഇന്ത്യൻസിന്‍റെ പുതിയ നായകനായി ചുമതലയേറ്റെടുത്തതിന് പിന്നാലെ കനത്ത ആരാധക രോഷം നേരിടുകയാണ് ഹാര്‍ദിക്. ഇത്തരമൊരു സാഹചര്യത്തില്‍ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയല്‍സിനെ നേരിടാൻ ഒരുങ്ങുമ്പോള്‍ ഹാര്‍ദിക്കിനെ ആരാധകര്‍ എങ്ങനെ വരവേല്‍ക്കുമെന്ന കാര്യം കണ്ടറിയേണ്ടതാണ്.

ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ ഈ സീസണില്‍ കളിച്ച ആദ്യ രണ്ട് മത്സരവും മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു. ഇക്കാര്യത്തിലും ഹാപ്പിയല്ലാത്ത ആരാധകര്‍ കടുത്ത ഭാഷയിലാണ് ഹാര്‍ദിക്കിനെ വിമര്‍ശിക്കുന്നത്. എന്നാല്‍, ഇത്തരമൊരു സാഹചര്യത്തില്‍ പോലും നിലവിലെ താരങ്ങളില്‍ പലരും ഹാര്‍ദികിന് പരസ്യ പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

രാജസ്ഥാൻ റോയല്‍സിന്‍റെ സ്‌പിൻ ഓള്‍റൗണ്ടറായ രവിചന്ദ്രൻ അശ്വിൻ ആയിരുന്നു ഇക്കാര്യത്തില്‍ ആദ്യം പ്രതികരണം രേഖപ്പെടുത്തിയത്. ഹാര്‍ദിക്കിനെതിരായ വിമര്‍ശനങ്ങളും ട്രോളുകളും അതിരുകടന്നുവെന്നും സിനിമ സംസ്‌കാരത്തിലേത് പോലെയുള്ള ഫാൻഫൈറ്റാണ് നടക്കുന്നതെന്നുമായിരുന്നു അശ്വിൻ അഭിപ്രായപ്പെട്ടത്. എന്നാല്‍, മുംബൈ ഇന്ത്യൻസ് നായകന് പിന്തുണയുമായി മറ്റൊരു രാജസ്ഥാൻ റോയല്‍സ് താരം കൂടി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

Also Read :ഫാന്‍ ഫൈറ്റ് അതിരുവിടുന്നു, ഇതു സിനിമാ സംസ്‌കാരം; തുറന്നടിച്ച് ആര്‍ അശ്വിന്‍ - R Ashwin Supports Hardik Pandya

സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍റെ സ്‌റ്റാര്‍ പേസര്‍ ട്രെന്‍റ്‌ ബോള്‍ട്ടാണ് പാണ്ഡ്യയ്‌ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യൻസില്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ് ഇരുവരും. ഹാര്‍ദിക്കിനെതിരെ ഉയരുന്ന കൂവലുകളും പരിഹാസങ്ങളും അധിക കാലം നീണ്ടുനില്‍ക്കില്ലെന്നാണ് ബോള്‍ട്ടിന്‍റെ അഭിപ്രായം.

'ക്രിക്കറ്റിനെ അത്രയേറെ സ്നേഹിക്കുന്നവരാണ് ഇന്ത്യയിലെ ആരാധകര്‍. ഇന്ത്യൻ താരങ്ങളില്‍ എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളാണ് ഹാര്‍ദിക് പാണ്ഡ്യ. നിലവില്‍ അദ്ദേഹത്തിനെതിരിയുള്ള കൂവലുകളും പരിഹാസവും അധിക കാലം നീളുമെന്ന് എനിക്ക് തോന്നുന്നില്ല.

നമുക്ക് ആര്‍ക്കും നിയന്ത്രിക്കാൻ കഴിയുന്ന ഒന്നല്ല നടക്കുന്നത്. ഓരോ പ്രൊഫഷണല്‍ താരങ്ങളും തുറന്നുകാട്ടപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ പുറത്തുനിന്നുള്ള ശബ്‌ദങ്ങള്‍ തടഞ്ഞ് നമ്മള്‍ നമ്മുടെ ജോലിയില്‍ മാത്രം ശ്രദ്ധിക്കണം. ഇക്കാര്യം എളുപ്പത്തില്‍ ഹാര്‍ദിക്കിന് ചെയ്യാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്'- ട്രെന്‍റ് ബോള്‍ട്ട് വ്യക്‌തമാക്കി.

അതേസമയം, ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ നേരിടാനുള്ള ഒരുക്കങ്ങളിലാണ് രാജസ്ഥാൻ റോയല്‍സ്. സീസണിലെ മൂന്നാം ജയമാണ് സഞ്ജുവിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം. മറുവശത്ത്, ആദ്യ പോയിന്‍റ് തേടിയാണ് മുംബൈ ഇന്ത്യൻസ് ഇന്ന് രാജസ്ഥാനെ നേരിടാൻ ഇറങ്ങുന്നത്.

Also Read :ട്രാക്കിലേക്ക് എത്താൻ മുംബൈ, ജയം തുടരാൻ രാജസ്ഥാൻ റോയല്‍സ്; വമ്പൻ പോരിന് വാങ്കഡെ - Mumbai Indians Vs Rajasthan Royals

ABOUT THE AUTHOR

...view details