അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ ജയങ്ങളെ ഇനിയും അട്ടിമറിയെന്നു വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ. ഇത്തരം വിജയങ്ങൾ അവര്‍ ശീലമാക്കിക്കഴിഞ്ഞുവെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. ഇന്നലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ അഫ്‌ഗാന്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്‍റെ പശ്ചാത്തലത്തിൽ ടീമിനെ അഭിനന്ദിച്ചാണ് സമൂഹമാധ്യമത്തിൽ സച്ചിൻ കുറിപ്പ് പങ്കുവച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
‘അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അഫ്‌ഗാനിസ്ഥാന്‍റെ ഉയര്‍ച്ച സ്ഥിരതയുള്ളതും പ്രചോദനാത്മകമാണ്. അവരുടെ വിജയങ്ങളെ ഇനി അട്ടിമറികളായി വിശേഷിപ്പിക്കാൻ കഴിയില്ല. ഇത്തരം വിജയങ്ങൾ അവരിതാ ശീലമാക്കിക്കഴിഞ്ഞു. ഇബ്രാഹിം സദ്രാന്‍റെ സെഞ്ചുറിയും അസ്മത്തുല്ല ഒമർസായിയുടെ അഞ്ച് വിക്കറ്റ് നേട്ടവും അഫ്‌ഗാനിസ്ഥാന് മറ്റൊരു അവിസ്മരണീയ വിജയത്തിന് കാരണമായി.’ – സച്ചിൻ കുറിച്ചു.
അഫ്‌ഗാന്‍റെ ചരിത്ര വിജയത്തിൽ ആവേശഭരിതനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പ്രശസ്‌ത ബോളിവുഡ് ഗാനത്തിന് ചുവടുവയ്‌ക്കുന്ന വീഡിയോയില്‍ അഫ്‌ഗാന്‍ ടീമിന് ആശംസകളും കുറിച്ചിട്ടാണ് താരം പങ്കുവച്ചത്. അഫ്‌ഗാനിസ്ഥാന്‍റെ വിജയത്തിൽ ഇർഫാൻ സന്തോഷിക്കുന്നത് ഇതാദ്യമല്ല, നേരത്തെ, 2023 ലെ ഏകദിന ലോകകപ്പിൽ അഫ്‌ഗാൻ പാകിസ്ഥാനെ പരാജയപ്പെടുത്തിയപ്പോൾ റാഷിദ് ഖാനൊപ്പം ഇര്‍ഫാനും മൈതാനത്തിൽ അവർ നൃത്തം ചെയ്തിരുന്നു.
അതേസമയം ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് അഫ്‌ഗാനിസ്ഥാന്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി. എട്ട് റണ്‍സിനാണ് അഫ്‌ഗാന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 317 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഇബ്രാഹിം സദ്രാന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് (177) അഫ്‌ഗാനിസ്ഥാന്‍ മികച്ച വിജയം സ്വന്തമാക്കിയത്. അസ്മത്തുള്ള ഒമര്‍സായി അഞ്ച് വിക്കറ്റ് വീഴ്ത്തി.