നാഗ്‌പൂര്‍:രഞ്ജി ട്രോഫി ഫൈനല്‍ പോരാട്ടത്തില്‍ കേരളം പണി തുടങ്ങി. രണ്ടാംദിനം ശക്തമായ തിരിച്ചുവരവായിരുന്നു സച്ചിന്‍ ബേബിയും സംഘവും നടത്തിയത്. ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ വിദർഭ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസായിരുന്നു നേടിയത്. എന്നാല്‍ ഇന്നത്തെ ആദ്യ സെഷനില്‍ തന്നെ അഞ്ചു വിക്കറ്റുകളും കേരളം വീഴ്‌ത്തി. നിലവില്‍ വിദര്‍ഭ ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 360 റണ്‍സെന്ന നിലയിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സെഞ്ച്വറി നേടിയ ഡാനിഷ് മലേവാറിനെ എന്‍ പി ബേസിലായിരുന്നു ഇന്ന് തുടക്കത്തില്‍ തന്നെ പുറത്താക്കിയത്. 285 പന്തുകള്‍ നേരിട്ട മലേവാര്‍ 15 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 153 റണ്‍സാണെടുത്തത്. പിന്നാലെ യഷ് താക്കൂറിനെയും ബേസില്‍ മടക്കി. യഷ് 60 പന്തില്‍ 25 റണ്‍സെടുത്തു.
യഷ് റാത്തോഡിനെ മൂന്ന് റൺസിനും വീഴ്ത്തി. ഏദൻ ആപ്പിൾ ടോം ആണ് താരത്തെ പവലിയനിലേക്ക് മടക്കി അയച്ചത്. അക്ഷയ് കനെവാറിനെ(12) ജലജ് സക്‌സേനയും പുറത്താക്കി. 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ അക്ഷയ് വാഡ്കറും ഒടുവില്‍ പുറത്തായി. നിലവില്‍ ക്രീസില്‍ ഹർഷ് ദുബെയും നചികേത് ഭൂട്ടെയുമാണ്. കേരളത്തിനായി ഏദൻ ആപ്പിൾ ടോം മൂന്നുവിക്കറ്റ് വീഴ്‌ത്തി. എംഡി നിധീഷും എന്‍ ബേസിലും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ജലജ് സക്‌സേന ഒരു വിക്കറ്റും നേടി.
ഇന്നലെ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കേരള ബൗളർമാരുടെ ബൗളിങ് ആക്രമണത്തില്‍ ഒരു ഘട്ടത്തിൽ വിദർഭ മൂന്നിന് 24 എന്ന് തകർന്നിരുന്നു. പാർഥ് രേഖാഡെ (0), ധ്രുവ് ഷോറെ (35 പന്തിൽ 16), വൺഡൗണായി എത്തിയ ദർശൻ നൽകാണ്ഡെ (21 പന്തിൽ ഒന്ന്) എന്നിവരാണ് വിദർഭ നിരയിൽ പുറത്തായത്.
188 പന്തിൽ എട്ട് ഫോറും ഒരു സിക്‌സും സഹിതം 86 റൺസെടുത്ത കരുൺ നായരേയും കേരളം ഇന്നലെ പുറത്താക്കി. നാലാം വിക്കറ്റിൽ ഡാനിഷ് മാലേവാർ – കരുൺ നായര്‍ സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് ഒന്നാം ദിനം ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്.