ലഖ്‌നൗ :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ജയക്കുതിപ്പ് തുടരാൻ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇന്ന് ഇറങ്ങും. തുടര്‍തോല്‍വികളില്‍ നിന്നും കരകയറാൻ ശ്രമിക്കുന്ന ഡല്‍ഹി കാപിറ്റല്‍സാണ് കെഎല്‍ രാഹുലിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. ലഖ്‌നൗവിന്‍റെ ഹോം ഗ്രൗണ്ടായ ഏകന സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
പോയിന്‍റ് പട്ടികയില്‍ നിലവിലെ മൂന്നാം സ്ഥാനക്കാരാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. നാല് മത്സരങ്ങളില്‍ മൂന്ന് ജയം സ്വന്തമായുള്ള അവര്‍ക്ക് ആറ് പോയിന്‍റാണുള്ളത്. സ്വന്തം തട്ടകത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹിയെ വീഴ്‌ത്താനായാല്‍ ലഖ്‌നൗവിന് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താം.
മറുവശത്ത്, പത്താം സ്ഥാനക്കാരാണ് ഡല്‍ഹി. അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രമാണ് സീസണില്‍ ഇതുവരെ റിഷഭ് പന്തിനും സംഘത്തിനും നേടാനായത്. അതുകൊണ്ട് തന്നെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താൻ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്.
മായങ്ക് ഇല്ലാതെ ലഖ്‌നൗ :പരിക്കേറ്റ യുവതാരം മായങ്ക് യാദവ് ഇല്ലാതെയാകും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇന്ന് കളത്തിലിറങ്ങുക. ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒരു ഓവര്‍ മാത്രം പന്തെറിഞ്ഞ ശേഷം പരിക്കിനെ തുടര്‍ന്ന് താരം കളം വിടുകയായിരുന്നു. മറ്റൊരു പേസര്‍ മൊഹ്‌സിൻ ഖാന്‍റെ ഫിറ്റ്‌നസും ലഖ്‌നൗവിന് ആശങ്കയാണ്.
എന്നാല്‍, ലഖ്‌നൗവിലെ സ്‌പിൻ ട്രാക്കില്‍ സ്‌പിന്നര്‍മാരുടെ പ്രകടനം ആതിഥേയര്‍ക്ക് പ്രതീക്ഷയാണ്. അവസാന മത്സരത്തില്‍ സ്‌പിന്നര്‍മാരുടെ നിര്‍ണായക ബൗളിങ് പ്രകടനമായിരുന്നു അവര്‍ക്ക് ജയമൊരുക്കിയത്. ബാറ്റിങ്ങില്‍ ക്വിന്‍റണ്‍ ഡി കോക്ക്, ക്യാപ്‌റ്റൻ കെഎല്‍ രാഹുല്‍, നിക്കോളസ് പുരാൻ എന്നിവരിലാണ് ലഖ്‌നൗ പ്രതീക്ഷയര്‍പ്പിക്കുന്നത്.