കൊല്‍ക്കത്ത:ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെ തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈഡൻ ഗാര്‍ഡൻസില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു നൈറ്റ് റൈഡേഴ്‌സ് ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് കാപിറ്റല്‍സ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.
സീസണില്‍ കൊല്‍ക്കത്തയുടെ ആറാമത്തെ ജയമാണിത്. പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ അവര്‍ക്ക് നിലവില്‍ 12 പോയിന്‍റുണ്ട്. തോറ്റെങ്കിലും ആറാം സ്ഥാനത്ത് തുടരുകയാണ് ഡല്‍ഹി.
154 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്‌ക്ക് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. ഒന്നാം വിക്കറ്റില്‍ 79 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് നേടിയത്. പവര്‍പ്ലേയ്‌ക്ക് ശേഷമുള്ള ആദ്യ ഓവറിലെ ആദ്യ പന്തില്‍ സുനില്‍ നരെയ്‌നെ (15) മടക്കി അക്‌സര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ ഫില്‍ സാള്‍ട്ടിനെയും അക്‌സര്‍ തന്നെ പുറത്താക്കി. 33 പന്തില്‍ 68 റണ്‍സ് അടിച്ചായിരുന്നു സാള്‍ട്ടിന്‍റെ മടക്കം. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ റിങ്കു സിങ്ങിന് തിളങ്ങാനായില്ല.
11 പന്തില്‍ 11 റണ്‍സ് നേടിയ താരത്തെ ലിസാഡ് വില്യംസ് പുറത്താക്കി. തുടര്‍ന്ന്, നാലാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ക്യാപ്‌റ്റൻ ശ്രേയസ് അയ്യര്‍ (33), വെങ്കടേഷ് അയ്യര്‍ (26) സഖ്യമാണ് കൊല്‍ക്കത്തയെ ജയത്തിലേക്ക് നയിച്ചത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി കാപിറ്റല്‍സ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തിലാണ് 153 റണ്‍സ് നേടിയത്. പുറത്താകാതെ 26 പന്ത് നേരിട്ട് 35 റണ്‍സ് നേടിയ കുല്‍ദീപ് യാദവ് ആയിരുന്നു അവരുടെ ടോപ് സ്കോറര്‍. ക്യാപ്‌റ്റൻ റിഷഭ് പന്ത് 20 പന്തില്‍ 27 റണ്‍സ് അടിച്ചു.
പൃഥ്വി ഷാ (13), ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക് (12), ഷായ് ഹോപ് (6), അഭിഷേക് പോറെല്‍ (18), അക്‌സര്‍ പട്ടേല്‍ (15), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (4), കുമാര്‍ കുശാഗ്ര (1), റാസിഖ് സലാം (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മത്സരത്തില്‍ വരുണ്‍ ചക്രവര്‍ത്തി മൂന്നും വൈഭവ് അറോറ, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.