നാഗ്‌പൂരില്‍ നടക്കുന്ന രഞ്ജി ട്രോഫി ഫൈനലിൽ ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിനെതിരെ വിദർഭ 379 റൺസിന് പുറത്തായി. ബാറ്റിങ് ആരംഭിച്ച കേരളത്തിന് മോശം തുടക്കമായിരുന്നു. 14 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കിയെങ്കിലും, ആദിത്യ സർവതെയുടെ അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 131 റണ്‍സെടുത്തു. സർവതെ 66 റൺസോടെയും ക്യാപ്‌റ്റന്‍ സച്ചിന്‍ ബേബി 7 റൺസോടെയും ക്രീസിൽ. നിലവില്‍ കേരളം സ്‌കോര്‍: (39 ov) 131/3
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരള ബാറ്റര്‍മാരില്‍ ഓപ്പണർമാരായ അക്ഷയ് ചന്ദ്രൻ (14), രോഹൻ കുന്നുമ്മൽ (0), അഹമ്മദ് ഇമ്രാന്‍ (37), എന്നിവരാണ് പുറത്തായത്. രോഹനെ, ആദ്യ ഓവറിൽത്തന്നെ ദർശൻ നൽകണ്ഡെ ക്ലീൻ ബൗൾഡാക്കി. 11 പന്തില്‍ മൂന്നു ഫോറുകൾ സഹിതം 14 റൺസെടുത്ത അക്ഷയിനേയും നൽകണ്ഡെ സമാനമായ രീതിയിലാണ് പവലിയനിലേക്ക് അയച്ചത്. 83 പന്തില്‍ 37 റണ്‍സെടുത്ത ഇമ്രാനെ യഷ് താക്കൂറാണ് പുറത്താക്കിയത്. ഏഴ് വിക്കറ്റ് കയ്യിലിരിക്കെ വിദർഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 248 റൺസ് പിന്നിലാണ് കേരളം.
നാലു വിക്കറ്റ് നഷ്ടത്തിൽ 254 റൺസുമായി ഇന്ന് ബാറ്റിങ് പുനരാരംഭിച്ച വിദർഭയ്‌ക്ക്, 125 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിള്ള ആറു വിക്കറ്റുകളും നഷ്ടമായി. ഒന്നാം ഇന്നിങ്സിൽ 123.1 ഓവറിലാണ് വിദർഭ 379 റൺസെടുത്തത്. 285 പന്തിൽ 15 ഫോറും മൂന്നു സിക്സും സഹിതം 153 റൺസെടുത്ത ഡാനിഷ് മലേവറാണ് വിദർഭയുടെ ടോപ് സ്കോറർ.
യഷ് ഠാക്കൂർ (25), യഷ് റാത്തോഡ് (മൂന്ന്), അക്ഷയ് വാഡ്കർ (23), അക്ഷയ് കർനേവർ (12), നചികേത് ഭൂട്ടെ (32) എന്നിവരാണ് ഇന്ന് പുറത്തായ വിദര്‍ഭ താരങ്ങള്‍. കേരളത്തിനായി ഏദൻ ആപ്പിൾ ടോമും എം.ഡി. നിധീഷും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. എൻ.പി. ബേസിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജലജ് സക്സേന ഒരു വിക്കറ്റും നേടി.