മുംബൈ: ഹാർദിക് പാണ്ഡ്യയ്ക്ക് 'സൂപ്പർ സ്റ്റാർ' ട്രീറ്റ്‌മെന്‍റ് നൽകുന്നത് ബിസിസിഐ അവസാനിപ്പിക്കണമെന്ന് മുന്‍ താരവും കമന്‍റേറ്ററുമായ ഇര്‍ഫാന്‍ പഠാന്‍. മറ്റ് താരങ്ങളെപ്പോലെ തന്നെയാണ് ഹാര്‍ദിക്കിനെയും പരിഗണിക്കേണ്ടത്. അന്താരാഷ്‌ട്ര തലത്തിൽ, പ്രത്യേകിച്ച് ലോകകപ്പ് പോലുള്ള പ്രധാന ടൂർണമെന്‍റുകളില്‍ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നതുവരെയെങ്കിലും ഹാർദിക് പാണ്ഡ്യയ്ക്ക് അമിതമായ മുൻഗണന നൽകരുതെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.
"ഹാർദിക് പാണ്ഡ്യയെക്കുറിച്ച് എനിക്ക് തോന്നുന്നത്, അവന് ഇതുവരെ നല്‍കി വന്നിരുന്ന അത്രയും മുൻഗണന ഇനിയും നല്‍കില്ലെന്ന് ബിസിസിഐ ഉറപ്പുവരുത്തേണ്ടതുണ്ടെന്നാണ്. കാരണം നമ്മള്‍ക്ക് മറ്റൊരു ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല.
ഇന്ത്യയുടെ പ്രധാന ഓള്‍റൗണ്ടറാണെങ്കില്‍, അന്താരാഷ്‌ട്ര തലത്തില്‍ പ്രത്യേകിച്ച് പ്രധാന ടൂര്‍ണമെന്‍റുകളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയേണ്ടതുണ്ട്. ഹാര്‍ദിക്കിനെ സംബന്ധിച്ച് ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല. അവന്‍റെ പൊട്ടന്‍ഷ്യലിനെക്കുറിച്ച് മാത്രമാണ് നമ്മള്‍ എപ്പോഴും ചിന്തിക്കുന്നത്"- ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിലും അന്താരാഷ്‌ട്ര വേദിയിലുമുള്ള ഹാർദിക്കിന്‍റെ പ്രകടനങ്ങൾ തമ്മില്‍ വ്യത്യാസമുണ്ട്. വ്യക്തിഗത കളിക്കാരെ ഉയർത്തിക്കാട്ടുന്നതിന് പകരം ടീമിനെ അടിസ്ഥാനമാക്കിയുള്ള സമീപനം വളർത്തിയെടുക്കുന്നതാവും ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യുകയെന്നും ഇര്‍ഫാന്‍ പറഞ്ഞു. ചില കളിക്കാർക്ക് അനാവശ്യ മുൻഗണന നൽകുന്നത് പ്രധാന ടൂർണമെന്‍റുകളിൽ ഇന്ത്യയുടെ വിജയസാധ്യത ഇല്ലാതാക്കുമെന്നും താരം വാദിച്ചു.