അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്‌ക്കാണ് ഇരു ടീമുകളും പോരിനിറങ്ങുന്നത്. തോല്‍ക്കുന്ന ടീമിന് പുറത്തേക്കുള്ള വാതില്‍ തുറക്കുമെന്നിരിക്കെ ഇരുവര്‍ക്കുമിത് ജീവന്‍ മരണപ്പോരാട്ടമാണ്.
വിജയിച്ചാല്‍ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി ഫൈനലിന് ഒരുപടി അടുക്കാന്‍ കഴിയും. ലീഗ് ഘട്ടത്തില്‍ മൂന്നാമതായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഫിനിഷ് ചെയ്യുന്നത്. സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ സീസണില്‍ സ്വപ്‌ന തുല്യമായ തുടക്കമായിരുന്നു നേടിയത്.
ആദ്യത്തെ ഒമ്പത് മത്സരങ്ങളിൽ എട്ടും ജയിച്ച് പോയിന്‍റ് പട്ടികയില്‍ തലപ്പത്തായിരുന്നു അവര്‍. എന്നാല്‍ പിന്നീട് ടീം തീര്‍ത്തും നിറം മങ്ങി. അവസാനത്തെ അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ പോലും ടീമിന് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. അവസാനത്തെ മത്സരം മഴയെടുത്തതും രാജസ്ഥാന് തിരിച്ചടിയായി. ഇതോടെയാണ് ക്വാളിഫയര്‍ കളിക്കുമെന്ന് പ്രതീക്ഷിച്ച ടീമിന് എലിമിനേറ്ററിന് ഇറങ്ങേണ്ടി വന്നത്.
നാട്ടിലേക്ക് മടങ്ങിയ ഓപ്പണര്‍ ജോസ് ബട്‌ലര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ ഇതേവരെ രാജസ്ഥാന് കഴിഞ്ഞിട്ടില്ല. ബാറ്റിങ്ങില്‍ റിയാന്‍ പരാഗ് മാത്രമാണ് സ്ഥിരതയോടെ കളിക്കുന്നത്. നിര്‍ണായക മത്സരത്തില്‍ യശസ്വി ജയ്‌സ്വാളും സഞ്‌ജുവും ഉള്‍പ്പെടെയുള്ള താരങ്ങള്‍ മികവിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ രാജസ്ഥാന്‍ പ്രതിരോധത്തിലാവും. സ്‌പിന്നര്‍മാര്‍ക്ക് മികവ് പുലര്‍ത്താന്‍ കഴിയുന്ന അഹമ്മദാബാദില്‍ യുസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ എന്നിവരുടെ പ്രകടനം ടീമിന് ഏറെ നിര്‍ണായകമാണ്.