ഹൈദരാബാദ്: ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പുതിയ പരിശീലകനായ മനോളോ മാര്‍ക്വേസിന് കീഴില്‍ ഇന്ന് കളിക്കളത്തിലിറങ്ങും. ഇന്‍റര്‍ കോണ്ടിനന്‍റല്‍ കപ്പിലെ ആദ്യ മത്സരത്തില്‍ മൗറീഷ്യസിനെയാണ് ഇന്ത്യ നേരിടുന്നത്. ഹൈദരാബാദ് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30-നാണ് കിക്കോഫ്. ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പിൽ ഇന്ത്യ മൗറീഷ്യസിനും സിറിയക്കുമെതിരെ കൊമ്പുകോർക്കുമ്പോൾ മനോലോ മാർക്വേസിന്‍റെ യുഗം ആരംഭിക്കാൻ ഒരുങ്ങുകയാണ്
ലോകകപ്പ് ഏഷ്യൻ യോഗ്യത റൗണ്ടിൽ ഇന്ത്യ ദയനീയപ്രകടനം നടത്തി പുറത്തായതിന് ആശ്വാസമേകാന്‍ ടൂര്‍ണമെന്‍റിലെ വിജയം അനിവാര്യമാണ്. വരാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള നിർണായക തയ്യാറെടുപ്പായാണ് മാർക്വേസ് ഈ ടൂർണമെന്‍റിനെ കാണുന്നത്. 2027ലെ എഎഫ്‌സി ഏഷ്യൻ കപ്പിന് യോഗ്യത നേടുക എന്നതാണ് ടീമിന്‍റെ ദീർഘകാല ലക്ഷ്യം. ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ 93-ാം സ്ഥാനത്തുള്ള സിറിയയും 179-ാം സ്ഥാനത്തുള്ള മൗറീഷ്യസുമാണ് മത്സരത്തിലെ മറ്റ് രണ്ട് ടീമുകൾ. നിലവിൽ 124-ാം സ്ഥാനത്താണ് ഇന്ത്യ.
ഇതിഹാസതാരം സുനിൽ ഛേത്രി വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂർണമെന്‍റാണ് ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പിന്‍റെ നാലാം പതിപ്പ്. നേരത്തെ രണ്ട് തവണ ടൂർണമെന്‍റില്‍ ഇന്ത്യ ജേതാക്കളായിട്ടുണ്ട്. ടീമിലെ ഏക മലയാളി സാന്നിധ്യം സഹൽ അബ്ദുൽ സമദാണ്.