മുംബൈ:വെറ്ററൻ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് (Dinesh Karthik) ഈ സീസണോട് കൂടി ഐപിഎല്ലില്‍ നിന്നും വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് (Dinesh Karthik Set To Retire From IPL). നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) ടീമിന്‍റെ ഭാഗമാണ് 38-കാരനായ താരം. വിരമിച്ച ശേഷം ആഭ്യന്തര ക്രിക്കറ്റിലും കമന്‍ററിയിലേക്കും താരം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി ഡെയര്‍ഡെവിള്‍സിലൂടെ (ഡല്‍ഹി കാപിറ്റല്‍സ്) ഐപിഎല്‍ കരിയര്‍ ആരംഭിച്ച ദിനേശ് കാര്‍ത്തിക്ക് ഇതുവരെയുള്ള 16 സീസണുകളിലായി 6 ഫ്രാഞ്ചൈസികളിലാണ് കളിച്ചിട്ടുള്ളത്. 2009, 2010 വര്‍ഷങ്ങളിലും ഡല്‍ഹിയ്‌ക്കൊപ്പമായിരുന്നു താരത്തിന്‍റെ യാത്ര. 2011ല്‍ കിങ്‌സ് ഇലവൻ പഞ്ചാബിന് (പഞ്ചാബ് കിങ്സ്) വേണ്ടിയും കാര്‍ത്തിക് കളത്തിലിറങ്ങി.
2012, 2013 സീസണുകളില്‍ മുംബൈ ഇന്ത്യൻസിനൊപ്പമായിരുന്ന ദിനേശ് കാര്‍ത്തിക് 2014ല്‍ ഡല്‍ഹിയിലേക്ക് തിരിച്ചെത്തി. അടുത്ത സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് കാര്‍ത്തിക് കളിച്ചത്. 2016, 2017 വര്‍ഷങ്ങളിലെ രണ്ട് പതിപ്പുകളില്‍ ഗുജറാത്ത് ലയണ്‍സിനായും കാര്‍ത്തിക് കളിക്കാനിറങ്ങി.
2018-2021 വരെയുള്ള നാല് വര്‍ഷക്കാലയളവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് ദിനേശ് കാര്‍ത്തിക് കളിച്ചത്. തൊട്ടടുത്ത വര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തെ വീണ്ടും സ്വന്തമാക്കുകയായിരുന്നു.