നമ്മളിൽ പലർക്കും ചിക്കനേക്കാൾ ഇഷ്‌ടം ബീഫിനോടായിരിക്കും. നല്ല വരട്ടിയ ബീഫ് റോസ്റ്റിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. എന്നാൽ ഇത്തവണ ബീഫിനെ വെല്ലുന്ന ഒരു കിടിലൻ ചിക്കൻ റോസ്റ്റ് തയ്യാറാക്കി നോക്കിയാലോ. വളരെ കുറഞ്ഞ ചേരുവകൾ മാത്രമേ ഇതുണ്ടാക്കാൻ ആവശ്യമുള്ളൂ. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...
ആവശ്യമായ ചേരുവകൾ
- ചിക്കൻ - 1 കിലോ
- ചുവന്നുള്ളി - 300 ഗ്രാം
- വറ്റൽമുളക് ചതച്ചത് - 4 ടേബിൾ സ്‌പൂൺ
- കറിവേപ്പില - 4 തണ്ട്
- വെളിച്ചെണ്ണ - ആവശ്യത്തിന്
- വിനാഗിരി - 1 ടീസ്‌പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം വെള്ളം വാർത്തെടുക്കുക. അടി കട്ടിയുള്ള ഒരു പത്രം അടുപ്പിൽ വച്ച് ചൂടായതിനു ശേഷം വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പിലയും ചെറുതായി അരിഞ്ഞ ചെറിയുള്ളിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കാം. ശേഷം ചതച്ചു വച്ചിരിക്കുന്ന വറ്റൽ മുളകും ചേർത്ത് മിക്‌സ് ചെയ്യുക. രണ്ട് മിനുട്ടിന് ശേഷം ഇതിലേക്ക് ചിക്കൻ ഇടാം. മസാല എല്ലാ ചിക്കൻ കഷണങ്ങളിലും പിടിക്കുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് അടച്ച് വെച്ച് വേവിക്കുക. ചിക്കനിൽ നിന്നും ഇറങ്ങി വരുന്ന വെള്ളം വറ്റി റോസ്റ്റ് പരുവമാകുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി വയ്ക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്‌പൂൺ വിനാഗിരി കൂടി ചേർത്തിളക്കി യോജിപ്പിക്കാം. സ്വാദിഷ്‌ടമായ ചിക്കൻ റോസ്റ്റ് തയ്യാർ.
Also Read : എന്‍റമ്മോ... ബീഫ് റോസ്റ്റ് എന്നാൽ ഇതാണ്; ഇടിവെട്ട് റെസിപ്പി ഇതാ