റഫ (ഗാസ) : ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട പലസ്‌തീനികളുടെ എണ്ണം പുറത്ത്. പ്രദേശത്ത് ഇതുവരെ 29,092 പലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്.
കണക്ക് പുറത്തുവിടുന്നതിന് മുന്‍പുള്ള 24 മണിക്കൂറിനുള്ളിൽ 107 മൃതദേഹങ്ങൾ ആശുപത്രികളിൽ എത്തിച്ചതായും ഹമാസിന് കീഴിലുള്ള ആരോഗ്യ മന്ത്രാലയം തിങ്കളാഴ്‌ച അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് മന്ത്രാലയം പുറത്തുവിട്ട കണക്ക്. അതേസമയം മന്ത്രാലയത്തിൻ്റെ രേഖകളിൽ സാധാരണക്കാരെയും ഹമാസ് തീവ്രവാദികളെയും വേർതിരിച്ചിട്ടില്ല.
യുദ്ധം 135 നാള്‍ പിന്നിട്ടു :കഴിഞ്ഞ ഒക്‌ടോബര്‍ 7നാണ് ഗാസ മുനമ്പില്‍ നിന്നും ഇസ്രയേലിന് നേരെ ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം ആരംഭിച്ചിട്ട് 135 ദിനങ്ങള്‍ പിന്നിട്ടു. ഇസ്രയേല്‍- പലസ്‌തീന്‍ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിനാണ് നിലവില്‍ ലോകരാജ്യങ്ങള്‍ സാക്ഷികളാകുന്നത്.
ഇസ്രയേലിന്‍റെ പ്രതിരോധങ്ങളെല്ലാം കാറ്റില്‍ പറത്തിയുണ്ടായ ഹമാസ് ആക്രമണത്തില്‍ ആദ്യം 1200 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. 250 ലധികം ഇസ്രയേല്‍ വംശജരെ ഹമാസ് തട്ടിക്കൊണ്ടുപോവുകയും ബന്ദികളാക്കുകയും ചെയ്‌തു. ഹമാസ് യുദ്ധം തുടര്‍ന്നതോടെ ഇസ്രയേല്‍ ശക്തമായി തിരിച്ചടിച്ച് തുടങ്ങി.
ഹമാസിന് നേരെ തുടര്‍ച്ചയായി ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ തീ തുപ്പിക്കൊണ്ടിരുന്നു. അഭയാര്‍ഥി ക്യാമ്പുകളും ആശുപത്രികളുമെല്ലാം ഇസ്രയേലിന്‍റെ ബോംബാക്രമണത്തില്‍ നിലം പൊത്തി. പലസ്‌തീന് മേലുള്ള ഇസ്രയേല്‍ ആക്രമണം ഏറെ കടുത്തതോടെ ലോകരാജ്യങ്ങളെല്ലാം യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
Also Read: 'ഗാസയിലെ ബന്ദികള്‍ക്ക് മരുന്നുകളെത്തിക്കും, സഹകരിച്ച എല്ലാവര്‍ക്കും നന്ദി': ഇസ്രയേല്‍
പലസ്‌തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ നിരവധിയിടങ്ങളില്‍ നിന്നും നിരന്തരം ആവശ്യമുയര്‍ന്നു. എന്നാല്‍ ഹമാസിനെ ഇല്ലാതാക്കുക, ബന്ദികളാക്കിയവരെ മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പലസ്‌തീനിന് മേലുള്ള ഇസ്രയേല്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.