ന്യൂയോർക്ക് : ക്രിപ്‌റ്റോ കറന്‍സിയുടെ രാജാവ് എന്നറിയപ്പെട്ടിരുന്ന സാം ബാങ്ക്മാൻ ഫ്രൈഡിനെ 25 വർഷത്തെ തടവിന് ശിക്ഷിച്ച് അമേരിക്കന്‍ കോടതി. ഡിജിറ്റൽ കറൻസി കൈമാറ്റം ചെയ്യുന്നതിനുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ എഫ്‌ടിഎക്‌സിന്‍റെ തകർച്ചയോടെ പുറത്തുവന്ന വൻ തട്ടിപ്പിനെ തുടര്‍ന്നാണ് കമ്പനി സ്ഥാപകനായ സാമിനെതിരെ നടപടികള്‍ ആരംഭിച്ചത്. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്‌ജി ലൂയിസ് എ കപ്ലാൻ മാൻഹട്ടൻ കോടതി മുറിയിലാണ് ശിക്ഷ വിധിച്ചത്.
32 കാരനായ ബാങ്ക്മാൻ ഫ്രൈഡ് വഞ്ചനാ കുറ്റത്തിനും ഗൂഢാലോചനയ്ക്കും നവംബറിൽ ശിക്ഷിക്കപ്പെട്ടിരുന്നു. ഭാവിയിൽ ഈ മനുഷ്യൻ വളരെ മോശമായ എന്തെങ്കിലും ചെയ്യാൻ സാധ്യതയുണ്ട്. അത് തടയാനാണ് ഈ നടപടി എന്നാണ് വിധി പ്രസ്‌താവിച്ചുകൊണ്ട് കോടതി പറഞ്ഞത്.
ബാങ്ക്മാൻ ഫ്രൈഡിന്‍റെ 11 ബില്യൺ ഡോളർ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. മറ്റ് തടവുകാർക്കോ ജയിൽ ജീവനക്കാർക്കോ ശാരീരിക ഭീഷണിയാകാൻ സാധ്യതയില്ലാത്തതിനാൽ, സാൻ ഫ്രാൻസിസ്കോ ഏരിയയ്ക്ക് സമീപമുള്ള ഇടത്തരം സുരക്ഷാ ജയിലിലോ അതിൽ കുറഞ്ഞതോ ആയ ജയിലിലേക്ക് അയക്കാൻ ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസിനെ ഉപദേശിക്കുകയും ചെയ്‌തു. ബാങ്ക്മാന്‍റെ ഓട്ടിസവും അന്തര്‍മുഖ സ്വഭാവവും ഉയർന്ന സുരക്ഷാ ജയിലില്‍ അദ്ദേഹത്തിന് മറ്റ് തടവുകാരാല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.