ഒരു ഗ്ലാസ് കാപ്പിയിലൂടെ ദിവസം ആരംഭിക്കുന്നവരാണ് മിക്കവരും. ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താനും ഉന്മേഷത്തോടെ ഇരിക്കാനും ഇത് നിങ്ങളെ സഹായിക്കും. പാൽ കാപ്പിയേക്കാൾ കട്ടൻ കാപ്പി കുടിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് പലരും. മിതമായ അളവിൽ കട്ടൻ കാപ്പി കുടിക്കുന്നത് ശരീരത്തിന് പല ആരോഗ്യ ഗുണങ്ങളും നൽകും. എന്നാൽ കട്ടൻ കാപ്പിയുടെ അമിത ഉപയോഗം വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇത് ജീവിതശൈലിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം.
ദഹന പ്രശ്‌നങ്ങൾ
അമിതമായി കട്ടൻ കാപ്പി കുടിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ന്യൂട്രിയന്‍റ്സ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടി കാട്ടുന്നു. അതിനാൽ ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കട്ടൻ കാപ്പിയുടെ ഉപയോഗം കുറയ്ക്കുക.
ഉയർന്ന രക്തസമ്മർദ്ദം
കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീൻ അഡ്രിനാലിൽ ഹോർമോൺ കൂട്ടാൻ കാരണമാകും. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കും. അതിനാൽ ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ കാപ്പിയുടെ ഉപയോഗം കുറയ്‌ക്കേണ്ടത് പ്രധാനമാണ്.
സമ്മർദ്ദം, ഉത്കണ്‌ഠ
അമിതമായി കാപ്പി കുടിക്കുന്നത് ശരീരത്തിലെ സ്‌ട്രെസ് ഹോർമോണുകൾ റിലീസ് ചെയ്യാൻ കാരണമാകും. ഇത് സമ്മർദ്ദം, ഉത്കണ്‌ഠ എന്നിവയിലേക്ക് നയിക്കും. മാത്രമല്ല ഉയർന്ന അളവിൽ കാഫീൻ ശരീരത്തിനകത്ത് പ്രവേശിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടാനും കാരണമാകും.
ഉറക്കക്കുറവ്
അമിതമായ കട്ടൻ കാപ്പിയുടെ ഉപയോഗം നിങ്ങളുടെ ഉറക്കത്തെ ബാധിച്ചേക്കാം. ഉറങ്ങുന്നതിന് മുൻപ് കാപ്പി കുടിക്കുന്നത് ഉറക്കം താറുമാറാക്കും. അതിനാൽ ഉറങ്ങുന്നതിന് മൂന്ന് മുതൽ നാല് മണിക്കൂർ മുൻപ് കാപ്പി കുടിക്കാതിരിക്കുക.