കാസർകോട് :കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് പാമ്പുകടിയേറ്റ് ഒരാൾക്ക് ജീവൻ നഷ്‌ടമായിരുന്നു. ഈ സംഭവത്തിന് ശേഷം പാമ്പിന്‍റെ വിഷത്തിനുള്ള ആന്‍റിവെനം നൽകിയില്ലേ എന്ന ചോദ്യം നാട്ടുകാർക്കിടയിൽ നിന്ന് ഉയർന്നിരുന്നു. അപ്പോഴാണ് ഈ പാമ്പിന്‍റെ വിഷത്തിനുള്ള ആന്‍റിവെനം കണ്ടുപിടിച്ചിട്ടില്ലെന്ന് ആളുകൾ അറിയുന്നത്. മുഴമൂക്കൻ കുഴിമണ്ഡലി (ഹംപ്‌നോസ് പിറ്റ് വൈപ്പർ) യുടെ വിഷത്തിനാണ് ആന്‍റിവെനം കണ്ടെത്തിയിട്ടില്ലാത്തത്.
സെപ്റ്റംബർ 18 നു രാത്രി വീടിന്‍റെ സിറ്റൗട്ടിൽ വെച്ചാണ് മഞ്ചേശ്വരം മിയാപ്പദവ് പള്ളത്തടുക്കയിലെ അശോകിന് (43) മുഴമൂക്കൻ കുഴിമണ്ഡലിയുടെ കടിയേൽക്കുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമെ മരണ കാരണം വ്യക്തമാകുകയുള്ളു. അതിനിടെ പാലക്കാടും ഒരാൾക്ക് കഴിഞ്ഞ ദിവസം മുഴമൂക്കൻ കുഴിമണ്ഡലിയുടെ കടിയേറ്റിരുന്നു. ഷൂസിനകത്ത് നിന്നാണ് കടിയേറ്റത്. ഇങ്ങനെ മുഴമൂക്കൻ കുഴിമണ്ഡലി ഇപ്പോൾ വ്യാപകമാകുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു.
ഒറ്റ നോട്ടത്തിൽ അണലി തന്നെ
അണലിയുമായി വളരെയധികം രൂപസാദൃശ്യമുള്ള പാമ്പാണ് മുഴമൂക്കൻ കുഴിമണ്ഡലി. പലപ്പോഴും ഡോക്‌ടർമാർക്കും ഫോറസ്‌റ്റ് ഉദ്യോഗസ്ഥർക്ക് പോലും മനസിലാക്കാൻ പ്രയാസമാകാറുണ്ടെന്ന് ‘സർപ്പ’ ഫെസിലിറ്റേറ്റർ കെ ടി സന്തോഷ് പനയാൽ പറഞ്ഞു. പാമ്പിനെ അണലിയിൽ നിന്ന് വേർതിരിച്ചറിയാത്തതും കടിയേൽക്കുന്നവരുടെ എണ്ണം കുറവായതും കാരണം ഇതിന്‍റെ വിഷത്തിനുള്ള ആന്‍റിവെനം നിർമിച്ചിട്ടില്ല എന്നാണ് വിദഗ്‌ധർ പറയുന്നത്. മുഴമൂക്കൻ കുഴിമണ്ഡലിയുടെ കടിയേൽക്കുന്നവർക്ക് ഇപ്പോഴുള്ള ആന്‍റിവെനം കുത്തിവെച്ചാൽ പ്രതിപ്രവർത്തനമുണ്ടായി മരണത്തിന് സാധ്യതയുണ്ട്. ചില സീസണുകളിൽ വിഷത്തിന്‍റെ തീവ്രത കൂടുന്നതിനാൽ കടി മാരകമാകാനുമിടയുണ്ട്. സാധാരണ ഈ പാമ്പിന്‍റെ കടിയേറ്റാൽ ആന്‍റിവെനം നൽകാതെ ആന്തരീകാവയവങ്ങളുടെ പ്രവർത്തനം നിരീക്ഷിച്ച് മരുന്ന് കൊടുക്കുകയാണ് പതിവെന്നു വിദഗ്‌ധർ പറയുന്നു.
മുഴമൂക്കന്‍ കുഴി മണ്ഡലി
ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണുന്ന വിഷമുള്ള പാമ്പ് വര്‍ഗമാണ് മുഴമൂക്കന്‍ കുഴിമണ്ഡലി. ദേശീയ വന്യജീവി നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് ഇവ. കരയിൽ കാണുന്ന പാമ്പുകളിൽ രാജവെമ്പാലയേക്കാൾ കൂടുതൽ മനുഷ്യ മരണങ്ങൾ സൃഷ്‌ടിച്ചിട്ടുള്ള ഒരു പാമ്പാണ് മുഴമൂക്കൻ കുഴിമണ്ഡലി. അതേസമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മനുഷ്യ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ടമണ്ഡലി, അണലി എന്നീ പാമ്പുകളുടെ കടിയേറ്റ് ആണ്. ഇവയെ താരതമ്യം ചെയ്യുമ്പോൾ മുഴമൂക്കൻ കുഴിമണ്ഡലി കടിച്ച് ഉണ്ടായിട്ടുള്ള മനുഷ്യ മരണങ്ങൾ വളരെ വളരെ കുറവാണ്.