അല്ലു അര്‍ജുന്‍ ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പുഷ്‌പ 2 ദി റൂള്‍'. സിനിമയുടെ ഓരോ അപ്‌ഡേറ്റുകള്‍ക്കായും ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഐറ്റം ഗാനം 'കിസ്സിക്കി'ന്‍റെ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
'കിസ്സിക്കി'ന്‍റെ മലയാളം വേർഷൻ പാടിയിരിക്കുന്നത് പ്രിയ ജെര്‍സണ്‍ ആണ്. സിജു തുറവൂരാണ് ഗാനത്തിന്‍റെ മലയാളം വേര്‍ഷന്‍റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ ഈ ഗാനം ആലപിക്കാന്‍ പ്രിയ ജെര്‍സണ് അവസരം ഒരുക്കി കൊടുത്തതും സിജു തുറവൂർ ആണ്.
ശ്രീലീലയുടെ ചടുല നൃത്തവുമായി എത്തിയ 'കിസ്സിക്ക്' ഗാനം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'പുഷ്‌പ 2'യിലെ എറ്റം ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുമ്പോള്‍ പാട്ട് വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് പ്രിയ ജെര്‍സണ്‍.
തമിഴില്‍ വിജയ് ടിവി പ്രക്ഷേപണം ചെയ്‌തിരുന്ന സംഗീത റിയാലിറ്റി ഷോയായ സൂപ്പർ സിംഗർ സീസൺ 9ലൂടെയാണ് പ്രിയ ജെര്‍സണ്‍ ശ്രദ്ധേയയാകുന്നത്. ഏതൊരു ഇന്ത്യന്‍ പ്രേക്ഷകനെ പോലെ താനും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് 'പുഷ്‌പ 2' എന്ന് പ്രിയ ജെര്‍സണ്‍.
"ഒരിക്കലും ആ ചിത്രത്തിന്‍റെ ഭാഗമാകാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല. സിനിമയുടെ മലയാള പരിഭാഷ ഒരുക്കിയ സിജു തുറവൂർ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഇടപെടലിലൂടെയാണ് ഈ സിനിമയിലെ കിസ്സിക്ക് ഗാനം ആലപിക്കാനുള്ള അവസരം ലഭിക്കുന്നത്.
Priya Jerson (ETV Bharat) ഞാൻ ചെന്നൈയിലാണ് സ്ഥിരതാമസം ആക്കിയിരിക്കുന്നത്. ഇത്തരമൊരു അവസരം ഉണ്ടെന്ന് വിളിച്ച് പറയുന്നതോടെ ഹൈദരാബാദിലേക്ക് വണ്ടി കയറി. അവടെ ചെന്നിട്ട് രണ്ട് മണിക്കൂർ കൊണ്ട് ഗാനം ആലപിച്ചു. വെറുതെ പറയുന്നതല്ല ഗാനത്തിന്‍റെ ഫൈനൽ ഔട്ട് ഇതുവരെ കേട്ടിട്ടില്ല.
ഗാനം ആലപിച്ച് കഴിഞ്ഞ ഉടന്‍ തന്നെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് എന്‍റടുത്ത് വന്ന് നന്നായി പാടിയെന്ന് അഭിനന്ദിച്ചു. പാട്ടു പാടി കഴിഞ്ഞ ശേഷം ഉടൻ തന്നെ തിരിച്ച് ചെന്നൈയിലേക്ക് പോയി. പാട്ട് സത്യത്തിൽ ഫുൾ മിക്‌സില്‍ കേൾക്കുന്നത് യൂട്യൂബിൽ റിലീസ് ചെയ്‌തപ്പോഴാണ്. പ്രേക്ഷകർക്കൊപ്പമാണ് ഈ ഗാനം ആലപിച്ച ഞാനും കിസ്സിക്ക് ഗാനം കേൾക്കുന്നത്."-പ്രിയ ജെര്‍സണ്‍ പറഞ്ഞു.
സുകുമാര്‍ സംവിധാനം ചെയ്‌ത 'പുഷ്‌പ 2'വിലെ ഗാനം വളരെ എളുപ്പം പാടാൻ സാധിക്കുന്ന ഒരു ഗാനം ആയിരുന്നില്ലെന്നാണ് പ്രിയ പറയുന്നത്. അന്യഭാഷ ചിത്രങ്ങളിലെ മലയാളം ഡബ്ബിംഗ് ഗാനങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു.
"ആദ്യ കാലങ്ങളിൽ തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ മലയാളം ഡബ്ബിംഗ് ഗാനങ്ങൾ ഒരിക്കലും നാച്ച്യുറല്‍ ആയിരുന്നില്ല. വളരെയധികം നാടകീയത തോന്നും. മലയാളം ഭാഷ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകൾ പോലെ ലളിതമല്ല. വരികൾ മലയാളത്തിലേയ്‌ക്ക് തർജ്ജിമ ചെയ്‌താല്‍ ഒറിജിനൽ വേർഷന്‍റെ ഗുണനിലവാരം തോന്നുകയില്ല.
എന്നാൽ പിൽക്കാലങ്ങളിൽ ട്യൂണിനനുസരിച്ച് അനുയോജ്യമായ രീതിയിൽ എഴുത്തുകാർ വരികൾ ഒരുക്കിയതോടെ മുമ്പുണ്ടായിരുന്ന കല്ലുകടി അവസാനിച്ചു. പുഷ്‌പ ആദ്യ ഭാഗത്തിലെയും കെജിഎഫിലെയുമൊക്കെ പാട്ടു കേട്ടാൽ അതൊരു ഡബ്ബിംഗ് ഗാനമാണെന്ന് മലയാളികൾക്ക് തോന്നുകയില്ല.
പുഷ്‌പ ദി റൈസിലെ ശ്രീവല്ലി എന്ന ഗാനം മലയാളത്തിലാണ് ഏറ്റവുമധികം ഹിറ്റായത്. അതൊരുപക്ഷേ യൂട്യൂബിന്‍റെ വ്യൂസ് നോക്കിയാൽ മനസ്സിലാകും. എന്നാൽ കിസ്സിക്ക് ഗാനത്തിന് സംഗീത സംവിധായകന്‍റെയും സംവിധായകൻ സുകുമാറിന്‍റെയും പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു. അതായത് തെലുങ്ക് ഭാഷയിൽ എഴുതിയിരിക്കുന്ന വരികളുടെ കൃത്യമായ തർജ്ജിമ തന്നെ മലയാളത്തിനും വേണം.
Priya Jerson (ETV Bharat) പണ്ടത്തെ പോലെ നാടകീയത തുളുമ്പുന്ന വരികൾ എഴുതാൻ സാധിക്കില്ല. പക്ഷേ മലയാള പരിഭാഷ ഒരുക്കിയ സിജു തുറവൂർ വളരെയധികം കഷ്‌ടപ്പെട്ട് കൃത്യമായ പരിഭാഷയിലുള്ള വരികൾ എഴുതി. അത് പാടി ഫലിപ്പിക്കുക വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു." -പ്രിയ ജെര്‍സൺ വ്യക്‌തമാക്കി.
മലയാളം മറ്റു ഭാഷകൾ പോലെ ലളിതമല്ലെന്നാണ് ഗായിക പറയുന്നത്. മലയാളത്തിലെ വാക്കുകൾ എപ്പോഴും കഠിനമാണ്. തെലുങ്കും തമിഴും പോലെ എല്ലാ വാക്കുകളിലും സംഗീതം ഒളിച്ചിരിക്കുന്ന ഭാഷയല്ല മലയാളം. അതുകൊണ്ടുതന്നെ പുഷ്‌പ 2വിലെ മലയാള ഗാനം ആലപിക്കുക എന്നത് നിസ്സാര കാര്യമല്ലെന്നും പ്രിയ ജെര്‍സണ്‍ അഭിപ്രായപ്പെട്ടു.
താനൊരു മലയാളിയാണെന്ന് പലർക്കും അറിയില്ലെന്നും അതിനൊരു കാരണമുണ്ടെന്നും പ്രിയ പറയുകയുണ്ടായി. തമിഴ് ഗാനങ്ങളിലൂടെയാണ് താൻ ശ്രദ്ധേയ ആകുന്നതെന്നും ഗായിക പറഞ്ഞു.
"സംഗീത മോഹവുമായി കരിയർ തുടങ്ങുന്ന സമയത്ത് ഒരു മലയാളം റിയാലിറ്റി ഷോയുടെ ഭാഗമായി. എന്നാൽ ആ റിയാലിറ്റി ഷോ ശ്രദ്ധിക്കപ്പെട്ടില്ല. അപ്പോഴാണ് തമിഴിലെ വിജയ് ടിവി പ്രക്ഷേപണം ചെയ്‌ത സൂപ്പർ സിംഗർ സീസൺ 9ല്‍ അവസരം ലഭിക്കുന്നത്. ഈ റിയാലിറ്റി ഷോ തന്‍റെ ജീവിതം മാറ്റിമറിച്ചു.
Priya Jerson (ETV Bharat) തമിഴ് ഗാനങ്ങളിലൂടെയാണ് ഞാൻ ശ്രദ്ധേയയാകുന്നത്. എന്‍റെ സോഷ്യൽ മീഡിയ ഹാൻഡിൽ നോക്കിയാലും കൂടുതലും തമിഴ് ഗാനങ്ങൾ ആലപിക്കുന്ന രംഗങ്ങളാണ് പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അതുകൊണ്ടാകാം പലരും താനൊരു മലയാളിയാണെന്ന് കരുതാത്തത്."-പ്രിയ ജെര്‍സണ്‍ പറഞ്ഞു.
തന്‍റെ ഹീറോ അച്ഛൻ ആണെന്നാണ് ഗായിക പറയുന്നത്. ജെര്‍സണ്‍ എന്നാണ് അദ്ദേഹത്തിന്‍റെ പേര്. ഒരു ഗിറ്റാറിസ്‌റ്റാണ് അദ്ദേഹം. മറ്റൊരു തൊഴിലിനും അദ്ദേഹം പോയിട്ടില്ല. ഗിറ്റാർ വായിച്ചിട്ടാണ് അദ്ദേഹം സ്വന്തം കുടുംബം നോക്കിയിരുന്നത്. അതുകൊണ്ട് തന്നെ സംഗീത മേഖലയിൽ ഏകാഗ്രമായി പ്രവർത്തിക്കുന്നതിന് അച്ഛൻ തന്നെ സഹായിച്ചിട്ടുള്ളതായി പ്രിയ ജെര്‍സണ്‍ വെളിപ്പെടുത്തി.
പ്രശസ്‌ത സംഗീത സംവിധായകരായ ഇളയരാജയ്‌ക്കും യുവൻ ശങ്കർ രാജയ്‌ക്കും ഹാരിസ് ജയരാജിനൊപ്പവും പ്രിയ പ്രവർത്തിച്ചിട്ടുണ്ട്. ഇളയരാജ സാറിനൊപ്പം പ്രവർത്തിക്കുന്നത് അതി കഠിനമായ കാര്യമാണെന്നാണ് ഗായിക പറയുന്നത്.
Priya Jerson (ETV Bharat) "വളരെ സൗഹാർദ്ദപരമായ സമീപനമാണ് ഇളയരാജ സാറിന് ഉള്ളതെങ്കിലും റെക്കോർഡിംഗ് സ്‌റ്റുഡിയോയിൽ കയറി കഴിഞ്ഞാൽ ആളാകെ മാറും. ഒരിക്കൽ "ണ് " എന്നൊരു വാക്കിന്‍റെ പ്രൊനൗൻസിയേഷൻ കൃത്യമായി ലഭിക്കാതെ വന്നപ്പോൾ അദ്ദേഹം എന്നെ വഴക്കു പറഞ്ഞു. ഞാൻ സ്‌റ്റുഡിയോയിൽ നിന്ന് പൊട്ടിക്കരയുകയാണ് ഉണ്ടായത്."-പ്രിയ വെളിപ്പെടുത്തി.
മലയാളത്തിൽ 'ഭൂപടത്തിൽ ഇല്ലാത്ത ഒരിടം' എന്ന ചിത്രത്തിലാണ് പ്രിയ ആദ്യം ഗാനം ആലപിക്കുന്നത്. പിന്നീട് നിരവധി തമിഴ് മലയാളം ചിത്രങ്ങളിലും ഗാനങ്ങൾ ആലപിച്ചു. ഇതേകുറിച്ചും പ്രിയ ജെര്‍സണ്‍ സംസാരിച്ചു.
"ഇപ്പോഴാണ് കൂടുതൽ അവസരങ്ങൾ എനിക്ക് ലഭിക്കുന്നത്. എല്ലാം ഒരു ഭാഗ്യമായി കരുതുന്നു. ഒരിക്കലും അവസരങ്ങൾ ലഭിക്കാത്തതിന്‍റെ പേരിൽ നിരാശയായി പിന്‍മാറാൻ ഒരുങ്ങിയിട്ടില്ല. അത്തരം ഒരു മനോഭാവമാണ് എന്‍റെ വിജയം.
Priya Jerson (ETV Bharat) ഒരു റെക്കോർഡിംഗ് സ്‌റ്റുഡിയോയില്‍ പാടുന്നതിനേക്കാൾ എനിക്കിഷ്‌ടം സ്‌റ്റേജ് ഷോകളിൽ പ്രകടനം കാഴ്‌ച്ചവയ്ക്കുന്നതിനാണ്. ജനങ്ങൾ എന്‍റെ പ്രകടനം ആസ്വദിക്കുന്നതിനും പ്രതികരണം വളരെ പെട്ടെന്ന് ലഭിക്കുന്നതിനും സ്‌റ്റേജ് ഷോകളാണ് സഹായിക്കാറുള്ളത്. ഒരു റെക്കോർഡിംഗ് സ്‌റ്റുഡിയോയില്‍ തെറ്റുകൾ സംഭവിച്ചാൽ തിരുത്താനുള്ള ധാരാളം അവസരങ്ങളുണ്ട്. സ്‌റ്റേജിൽ അത്തരം അവസരങ്ങൾ ഇല്ല. ഒരു വെള്ളി വീണാൽ തീർന്നു.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ മിഡിൽ ഈസ്‌റ്റിൽ ഞാൻ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. കടുത്ത പനിയായിട്ട് കൂടി വേദിയിലെത്തി ഗാനം ആലപിച്ചു. ശബ്‌ദത്തിന് എന്തെങ്കിലും സംഭവിച്ചാൽ വലിയ പ്രശ്‌നമാകും. പക്ഷേ എന്‍റെ ആത്‌മവിശ്വാസം പലപ്പോഴും വലിയ പിന്തുണ ആകാറുണ്ട്." പ്രിയ ജെര്‍സണ്‍ പറഞ്ഞു.