34 ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളും 24 ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുമടങ്ങുന്നതാണ് ഇന്ത്യയിലെ ഇന്‍ഷൂറന്‍സ് രംഗം. ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ക്കിടയിലെ ഏക പൊതു മേഖലാ സ്ഥാപനം എല്‍ ഐ സിയാണ്. ജനറല്‍ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ആറ് പൊതു മേഖലാ സ്ഥാപനങ്ങളുണ്ട്.കൂട്ടത്തില്‍ മൊത്തം ഇന്‍ഷൂറന്‍സ് കമ്പനികളുടേയും ഇന്‍ഷൂറന്‍സിന് ജനറല്‍ ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന റീ ഇന്‍ഷൂറര്‍ കമ്പനിയും.
ഇന്‍ഷൂറന്‍സ് കുറവ്
എന്നിട്ടും നമ്മുടെ രാജ്യം പൊതുവേ ഇന്‍ഷൂറന്‍സ് കുറഞ്ഞ രാജ്യമായാണ് അറിയപ്പെടുന്നത്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ കേവലം 4 ശതമാനം മാത്രമാണ് ഇന്ത്യയില്‍ ഇന്‍ഷൂറന്‍സ് .ആഗോളതലത്തിലെ ഇന്‍ഷൂറന്‍സ് നിരക്കിലേതിനേക്കാള്‍ വളരെ താഴെയാണ് നമ്മുടെ സ്ഥാനം. ആഗോള ശരാശരി ഇന്‍ഷൂറന്‍സ് 6.8 ശതമാനമാണ്.ഇന്‍ഷൂറന്‍സ് എടുക്കുന്നവരുടെ എണ്ണത്തില്‍ മാത്രമല്ല ഇന്‍ഷൂറന്‍സ് പോളിസി തുകയിലും ഇന്ത്യ ഏറെ പിറകിലാണ്. ഇന്‍ഷൂറന്‍സ് സാന്ദ്രത എന്നറിയപ്പെടുന്ന ആളോഹരി പ്രീമിയം ഇന്തയയില്‍ വെറും 92 ഡോളറാണ്. ആഗോള ശരാശരിയാകട്ടെ 853 ഡോളറും. ലോകത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് മാര്‍ക്കറ്റ് അമേരിക്കയാണ്.2022 ല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, നോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഇനങ്ങളിലായി ആകെ 3 ട്രില്യണ്‍ ഡോളര്‍ പ്രീമിയമാണ് അമേരിക്കയിലുള്ളത്. ഇത് ആഗോള പ്രീമിയത്തിന്‍റെ 55 ശതമാനത്തിലേറെ വരും. ആഗോള മാര്‍ക്കറ്റിന്‍റെ കേവലം 1.9 ശതമാനം മാത്രം സ്വന്തമായുള്ള ഇന്ത്യയിലെ ആകെ പ്രീമിയം 131 ബില്യണ്‍ ഡോളറിന്‍റേതായിരുന്നു. ആഗോള തലത്തില്‍ പത്താമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ 2032 ആകുമ്പോള്‍ ഇന്ത്യ ലോകത്തിലെ ആറാമത്തെ വലിയ ഇന്‍ഷൂര്‍ഡ് രാജ്യമാകുമെന്നാണ് പ്രവചനം. അത്ര വേഗതയിലാണ് ഇന്ത്യയില്‍ ഇന്‍ഷൂറന്‍സ് മാര്‍ക്കറ്റ് വികസിക്കുന്നത്.
ഇനിയും പരീക്ഷിക്കാത്ത മാര്‍ക്കറ്റിങ്ങ് അവസരങ്ങള്‍
സമ്പാദ്യവുമായി ബന്ധപ്പെടുത്തിയുള്ള ഇന്‍ഷൂറന്‍സ് പോളിസികളാണ് ഇന്ത്യയില്‍ വില്‍ക്കുന്നതിലേറെയും. അതില്‍ സുരക്ഷണത്തിന്‍റെ അംശം താരതമ്യേന കുറവാണ്. അതിനര്‍ത്ഥം ഗൃഹനാഥന് അവിചാരിതമായി എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി ബുദ്ധിമുട്ടിലാകും എന്നാണ്.പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ 93 ശതമാനം പേര്‍ക്കും ഇന്ത്യയില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ല. ദരിദ്രരല്ലാത്ത വിഭാഗത്തില്‍പ്പോലും 40 കോടിയിലേറെപ്പേര്‍ക്ക് യാതൊരു വിധ ആരോഗ്യ ഇന്‍ഷൂറന്‍സുമില്ലെന്ന് നീതി ആയോഗ് തന്നെ 2021 ലെ അവരുടെ റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നു. തൊഴിലാളികളില്‍ 90 ശതമാനം പേര്‍ക്കും ഒരു ഇന്‍ഷൂറന്‍സും ഇല്ല. ഈ വിഭാഗമാണ് ആസൂത്രണ ഭാഷയില്‍ മിസ്സിങ്ങ് മിഡില്‍ എന്നറിയപ്പെടുന്നത്. അതായത് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡിയോടെയുള്ള ഇന്‍ഷൂറന്‍സിന് അര്‍ഹരാവാന്‍ മാത്രം ദരിദ്രരുമല്ല എന്നാല്‍ സ്വന്തം നിലയ്ക്ക് ഇന്‍ഷൂറന്‍സ് എടുക്കാന്‍ മാത്രം സമ്പന്നരുമല്ല ഇക്കൂട്ടര്‍. ഈ വിഭാഗത്തിനെ ലക്ഷ്യമിട്ട് അമിതഭാരമില്ലാത്ത,കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷൂറന്‍സ് നടപ്പാക്കിയാല്‍ 2047 ഓടെ എല്ലാവര്‍ക്കും ഇന്‍ഷൂറന്‍സ് എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് കൂടുതല്‍ അടുക്കാന്‍ സാധിക്കും.
എന്തൊക്കെ പരിഷ്കാരങ്ങള്‍
ഈ പശ്ചാത്തലത്തിലാണ് ജയന്ത് സിന്‍ഹ അധ്യക്ഷനായുള്ള പാര്‍ലമെന്‍റിന്‍റെ ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി പെര്‍ഫോമന്‍സ് റിവ്യൂ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഇന്‍ഷൂറന്‍സ് സെക്റ്റര്‍ എന്ന റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചത്. ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ട് ഈ റിപ്പോര്‍ട്ട് രാജ്യത്തെ ഇന്‍ഷൂറന്‍സ് രംഗത്ത് വലിയ തോതിലുള്ള തരംഗങ്ങള്‍ സൃഷ്ടിച്ചു.
മൊത്തത്തില്‍ സമിതിയുടെ ശുപാര്‍ശകള്‍ ഇന്‍ഷൂറന്‍സ് കമ്പനികളും ഉപഭോക്താക്കളും ഒരു പോലം സ്വാഗതം ചെയ്തു. ഈ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്‍ഷൂറന്‍സ് മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കി ചര്‍ച്ചകളിലൂടെ സമവായത്തിലെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ചര്‍ച്ച ചെയ്യപ്പെടേണ്ട ചില വിഷയങ്ങള്‍ ഇനി പറയുന്നു.
എല്ലാ ഇന്‍ഷൂറന്‍സ് വിഭാഗങ്ങളിലും കോമ്പസിറ്റ് ലൈസന്‍സിങ്ങ്
ഓരോ ഇന്‍ഷൂറന്‍സ് കമ്പനിക്കും കോമ്പസിറ്റ് ലൈസന്‍സിങ്ങിന് അനുവാദം നല്‍കണമെന്നതായിരുന്നു പാര്‍ലമെന്‍റ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ ഒരു നിര്‍ദേശം. ഇതു പ്രകാരം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സോ നോണ്‍ലൈഫ് ഇന്‍ഷൂറന്‍സോ ഏതു വേണമെങ്കിലും വിതരണം ചെയ്യാം. ഇത്തരമൊരു തീരുമാനം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ഉപഭോക്താക്കള്‍ക്കും ഇതു വഴി എളുപ്പം സേവനം തെരഞ്ഞെടുക്കാന്‍ സാധിക്കും. ഒറ്റ പോളിസിയില്‍ത്തന്നെ ആരോഗ്യ ഇന്‍ഷൂറന്‍സും ലൈഫ് ഇന്‍ഷൂറന്‍സും സമ്പാദ്യ പദ്ധതിയും എല്ലാം ലഭിക്കുമെന്നതിനാല്‍ കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്കും അതാണ് കൂടുതല്‍ പ്രിയങ്കരം.