ന്യൂഡല്‍ഹി:സച്ചാര്‍ സമിതി വഖഫ് വസ്‌തുക്കളായി നിര്‍ണയിച്ചിട്ടുള്ളവയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ അനധികൃതമായി കയ്യേറിയവ സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വഖഫ് പാര്‍ലമെന്‍ററി സമിതി നിര്‍ദ്ദേശം നല്‍കി. വഖഫ് നിയമത്തിലെ സെക്‌ഷന്‍ 40 പ്രകാരം വഖഫ് ബോര്‍ഡുകള്‍ അവരുടേതെന്ന് കരുതുന്ന വസ്‌തുക്കളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്‍ററി വഖഫ് സമിതിയുടെ കാലാവധി അടുത്ത ബജറ്റ് സമ്മേളനം വരെ ലോക്‌സഭ നീട്ടി നല്‍കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കയ്യേറിയ വഖഫ് വസ്‌തുവകകളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരോ മറ്റ് ഏതെങ്കിലും ഔദ്യോഗിക ഏജന്‍സികളോ വിവരങ്ങള്‍ നല്‍കണമെന്നാണ് പാര്‍ലമെന്‍ററി സമിതിയുടെ പുതിയ നിര്‍ദ്ദേശം. 2005-2006 ല്‍ ഇത്തരം അനധികൃത കയ്യേറ്റം സംബന്ധിച്ച് സച്ചാര്‍ സമിതിക്ക് വിവിധ സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ നിന്ന് വിവരങ്ങള്‍ കിട്ടിയിരുന്നു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം വഴിയാകും സംസ്ഥാനങ്ങളില്‍ നിന്ന് പാര്‍ലമെന്‍ററി സമിതി വിവരങ്ങള്‍ ശേഖരിക്കുക.
ഡല്‍ഹിയില്‍ ഇത്തരത്തില്‍ കയ്യേറിയ 316 വസ്‌തുവകകള്‍ ഉണ്ടെന്നാണ് ബിജെപി എംപി ജഗദംബിക പാല്‍ നേതൃത്വം നല്‍കുന്ന സമിതി കണ്ടെത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ അറുപതും കര്‍ണാടകയില്‍ 42ഉം വസ്‌തുക്കളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മധ്യപ്രദേശില്‍ 53, ഉത്തര്‍പ്രദേശില്‍ 60, ഒഡിഷയില്‍ 53 എന്നിങ്ങനെയാണ് കണക്കുകള്‍. ഈ ആറ് സംസ്ഥാനങ്ങളിലെയും ഏറ്റവും പുതിയ വിവരങ്ങള്‍ സമിതി തേടിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വിശദമായ അന്വേഷണം നടത്തി ഈ സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.