ന്യൂഡല്‍ഹി :രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് പ്രഖ്യാപനത്തില്‍ രാജ്യത്തെ യുവാക്കള്‍ക്ക് ഗവേഷണങ്ങള്‍ക്കായി പലിശ രഹിത വായ്‌പ അനുവദിക്കുമെന്ന് അറിയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞതിനൊപ്പമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനവും. കായിക രംഗത്ത് യുവാക്കള്‍ സ്വന്തമാക്കിയ നേട്ടങ്ങളില്‍ രാജ്യത്തിന് അഭിമാനമുണ്ടെന്ന് പറഞ്ഞ ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ ചെസ് ഗ്രാന്‍ഡ്‌മാസ്റ്റര്‍ പ്രജ്ഞാനന്ദയുടെ പേരും പരാമര്‍ശിച്ചിരുന്നു.
'ഗവേഷണങ്ങള്‍ക്ക് പലിശ രഹിത വായ്‌പ' ; യുവജനങ്ങള്‍ക്കായി വമ്പന്‍ പ്രഖ്യാപനവുമായി ധനമന്ത്രി
രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് : യുവജനങ്ങള്‍ക്കായി ചെയ്‌ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞും പുതിയ പദ്ധതി പ്രഖ്യാപിച്ചും ധനമന്ത്രി നിര്‍മല സീതാരാമന്‍.
Published : Feb 1, 2024, 2:11 PM IST
2020ലെ വിദ്യാഭ്യാസ നയം പരിവർത്തനപരമായ പരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിച്ചു. പിഎം സ്‌കൂൾസ് ഫോർ റൈസിങ് ഇന്ത്യ (PM SHRI) വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള അധ്യാപനം നല്‍കുന്നതായി. സ്‌കില്‍ ഇന്ത്യ മിഷന്‍ പദ്ധതിയിലൂടെ 1.4 കോടി യുവാക്കള്‍ക്കാണ് നൈപുണ്യ പരിശീലനം നല്‍കിയത്.
ഇതിലൂടെ 3,000 പുതിയ ഐടിഐകളാണ് രാജ്യത്ത് ഉടനീളം സ്ഥാപിച്ചത്. 7 ഐഐടികളും ഐഐഎമ്മുകളും 16 ഐഐഐടികൾ, 390 സർവകലാശാലകൾ, 15 എയിംസ് തുടങ്ങി നിരവധി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സ്ഥാപിച്ചത്. പിഎം മുദ്ര യോജനയിലൂടെ 43 കോടി വായ്‌പകളാണ് അനുവദിച്ചത്. ഇതിലൂടെ, 22.5 കോടി രൂപയാണ് രാജ്യത്തെ യുവാക്കളിലേക്ക് എത്തിയതെന്നും ധനമന്ത്രി പറഞ്ഞു.