മുംബൈ: ഹരിയാന തെരഞ്ഞെടുപ്പ് പരാജയത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെതിരെ ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് ജയിക്കാനാകുമെന്ന് അവര്‍ കരുതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അധികാരത്തിലേറാന്‍ മറ്റ് കക്ഷികളൊന്നും ഒപ്പം വേണ്ടെന്ന ചിന്തയാണ് കോണ്‍ഗ്രസിന്‍റെ പതനത്തിന് കാരണമായത്. കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ കരുതിയത് തനിച്ച് മത്സരിച്ച് ജയിച്ച് അധികാരത്തിലെത്താമെന്നാണ്. സമാജ്‌വാദി പാര്‍ട്ടി, എഎപി, മറ്റ് ചെറുകക്ഷികള്‍ എന്നിവയുമായി സീറ്റുകള്‍ പങ്കിട്ടിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറിച്ചായേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പോരാട്ടം തികച്ചും മാതൃകാപരമായിരുന്നു. അവര്‍ ശരിക്കും പരാജയപ്പെട്ട ഒരു യുദ്ധത്തിലാണ് പൊരുതി ജയിച്ചത്. കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇപ്പോഴും അവര്‍ പരാജയപ്പെടുകയും ബിജെപി വിജയിക്കുകയും ചെയ്‌തു. കാരണം അവര്‍ക്ക് കൃത്യമായ സംവിധാനങ്ങളുണ്ട്. അത് കൊണ്ട് തന്നെ വിജയം അവര്‍ക്കായേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജമ്മുകശ്‌മീര്‍ തെരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രണ്ടിടത്തും 90 സീറ്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു 90 ഇന്ത്യയും മറ്റേത് എന്‍ഡിഎയും കൊണ്ടുപോയി. ജമ്മുകശ്‌മീരിനും ഹരിയാനയ്ക്കും അവരവരുടേതായ മൂല്യമുണ്ട്. എന്നാല്‍ കേന്ദ്രഭരണ പ്രദേശത്തിന് ബിജെപി കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഭരണഘടനയുടെ 370ാം അനുച്ഛേദം 2024ലെ തെരഞ്ഞെടുപ്പില്‍ വലിയ വിഷയമായി. ജമ്മുകശ്‌മീരില്‍ ഫറൂഖ് അബ്‌ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം ചേര്‍ന്നത് കൊണ്ടാണ് അവിടെ വിജയം നേടാനായത്.