ബെംഗളുരു: രേണുക സ്വാമി കൊലക്കേസില്‍ ചലച്ചിത്രതാരം ദര്‍ശനെയും പവിത്ര ഗൗഡയെയും മറ്റ് പതിനൊന്ന് പേരെയും അഞ്ച് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 20വരെയാണ് പൊലീസ് കസ്റ്റഡി. സാമ്പത്തിക കുറ്റകൃത്യ കോടതിയുടേതാണ് നടപടി.
ജസ്റ്റിസ് വിശ്വനാഥ് സി ഗൗഡറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദര്‍ശന്‍, പവിത്രഗൗഡ, പവന്‍, രാഘവേന്ദ്ര, നന്ദിഷ്, വിനയ്, നാഗരാജ്, ലക്ഷ്‌മണ്‍, ദീപക്, പ്രദോഷ്, നിഖില്‍ നായ്ക്, അനുകുമാര്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്‌തത്.
രേണുകസ്വാമി ക്രൂരമായാണ് കൊല്ലപ്പെട്ടതെന്ന് എസ്‌പിപി പ്രസന്നകുമാര്‍ വാദിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ പതിനാറ് പേരെയാണ് അറസ്റ്റ് ചെയ്‌തിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്‌തു. ഇവരെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിച്ച് വിവിധ തെളിവുകള്‍ ശേഖരിച്ചു.
കുറ്റകൃത്യത്തിനുപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ജഗദീഷ്, അനുകുമാര്‍ എന്നിവരെ ഇന്നലെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരില്‍ നിന്ന് മുപ്പത് ലക്ഷം രൂപയും പിടിച്ചെടുത്തു. അഞ്ചാം പ്രതി നന്ദിഷും പതിമൂന്നാം പ്രതി ദീപക്കും ചേര്‍ന്ന് രേണുകസ്വാമിക്ക് വൈദ്യുത ഷോക്ക് നല്‍കി. ഇതിനുള്ള തെളിവുകളും കിട്ടിയിട്ടുണ്ട്.