ശ്രീനഗർ :ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടിയുടെ ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ രണ്ടാം പട്ടിക ഉടൻ പുറത്തിറക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രവീന്ദർ റെയ്‌ന പറഞ്ഞു. ഒന്നാം ഘട്ടത്തിലെ 15 സ്ഥാനാർഥികളുടെ പുതുക്കിയ പട്ടികയാണ് പാർട്ടി പുറത്തിറക്കിയത്. സ്ഥാനാഥികളുടെ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി കണക്കിലെടുത്താണ് ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഓഗസ്‌റ്റ് 27ന് ആണ് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അതിനാൽ പാർട്ടി അതിന്‍റെ ആദ്യ പട്ടികയിൽ, സ്ഥാനാർഥികളുടെ പേരുകൾ പുറത്തുവിട്ടു. പാർട്ടി ഉടൻ രണ്ടാം പട്ടിക പുറത്തിറക്കും. ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിനെ ബിജെപി ഒറ്റയ്ക്ക് നേരിടും' എന്ന് രവീന്ദർ റെയ്‌ന പറഞ്ഞു.
പാർട്ടിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി സ്ഥാനാർഥി അർഷിദ് ഭട്ട് നന്ദി പ്രകടിപ്പിച്ചു. പുൽവാമ ജില്ലയിലെ രാജ്‌പോര നിയമസഭ മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. 'സാമൂഹിക സേവനത്തിനുള്ള എന്‍റെ ശ്രമങ്ങൾ തിരിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞാൻ നന്ദി പറയുന്നു, പുൽവാമയിലെ ജനങ്ങളുടെ ശബ്‌ദമാകാൻ അദ്ദേഹം എനിക്ക് അവസരം നൽകി' എന്ന് അർഷിദ് ഭട്ട് പറഞ്ഞു.