കതിഹാർ (ബിഹാർ): കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര' ബിഹാറില്‍ പര്യടനം തുടരുന്നു. ബുധനാഴ്‌ച (31-01-2024) ബിഹാറിലെ കതിഹാർ ജില്ലയിൽ റോഡ് ഷോയോടെയാണ് 'ഭാരത് ജോഡോ ന്യായ് യാത്ര' തുടങ്ങിയത്. രാവിലെ 11.30 ഓടെ മാൾഡ വഴി യാത്ര പശ്ചിമ ബംഗാളിൽ പ്രവേശിച്ചു.
നിതീഷ് കുമാര്‍ ഇൻഡ്യ സഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി ചേർന്ന് ബിഹാറില്‍ പുതിയ സർക്കാർ രൂപീകരിച്ച ശേഷമുള്ള യാത്രയെ രാഷ്ട്രീയ നിരീക്ഷകർ ഗൗരവത്തോടെയാണ് കാണുന്നത്. ആർജെഡി, ഇടതുപാർട്ടികൾ എന്നിവരുമായി ചേർന്ന് യാത്ര വൻ വിജയമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ജനുവരി 14 ന് മണിപ്പൂരിൽ ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസം കൊണ്ട് 6,713 കിലോമീറ്റർ പിന്നിടും, 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്ന് ഭാരത് ജോഡോ ന്യായ് യാത്ര മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.
ബിഹാറില്‍ നിതീഷ് കുമാറിന്‍റെ ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി :ബിഹാറില്‍ സാമൂഹ്യ നീതിക്കായുള്ള പോരാട്ടം മഹാസഖ്യം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്കൊപ്പം ചേര്‍ന്ന മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇൻഡ്യ മുന്നണിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ബിഹാറിലെ പൂര്‍ണിയയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.