ന്യൂഡല്‍ഹി: ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് തിരിച്ചു. നിര്‍മ്മിത ബുദ്ധി, ഊര്‍ജം, ആഫ്രിക്ക, മെഡിറ്ററേനിയന്‍ വിഷയങ്ങള്‍ക്കാകും ഉച്ചകോടിയില്‍ ഊന്നല്‍ നല്‍കുകയെന്നും പ്രധാനമന്ത്രി യാത്ര തിരിക്കും മുമ്പ് പുറത്ത് വിട്ട സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നാം തവണ പ്രധാനമന്ത്രി ആയ ശേഷം മോദിയുടെ ആദ്യ വിദേശയാത്രയാണിത്. ദക്ഷിണ മേഖലയിലെ നിര്‍ണായക പ്രശ്‌നങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഇറ്റലിയിലെ അപുലിയ മേഖലയില്‍ ബോര്‍ഗോ എഗ്‌നേഷ്യ ആഡംബര റിസോര്‍ട്ടിലാണ് നാളെ മുതല്‍ പതിനഞ്ച് വരെ ഉച്ചകോടി നടക്കുന്നത്. യുക്രൈന്‍ യുദ്ധവും ഗാസയിലെ സംഘര്‍ഷവും അടക്കമുള്ള പ്രശ്‌നങ്ങളാകും ചര്‍ച്ചയില്‍ നിറയുക എന്നാണ് കരുതുന്നത്.
ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി അദ്ദേഹം ഉച്ചകോടിക്കിടെ ചര്‍ച്ചകള്‍ നടത്തും. തന്ത്രപരമായ പങ്കാളിത്തമടക്കമുള്ള വിഷയങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലുണ്ടാകും. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റ് ചില നേതാക്കളുമായും മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അടങ്ങുന്നതാണ് ജി7. നിലവില്‍ ജി7 അധ്യക്ഷപദം ഇറ്റലിക്കാണ്. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ലോകമെമ്പാടും നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി ഇറ്റലി ഇതിനകം തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങള്‍ക്കും ജി7 തുല്യപ്രാധാന്യം നല്‍കുന്നുണ്ട്. 1997-2013 കാലത്ത് ജി7 റഷ്യയെ കൂടി ഉള്‍പ്പെടുത്തി ജി8 ആയിരുന്നു. ക്രിമീയന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയെ ഇതില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു.
ഉച്ചകോടിയിലേക്ക് ആതിഥേയ രാഷ്‌ട്രത്തിന് മറ്റ് രാജ്യങ്ങളെയും സംഘടനകളെയും ക്ഷണിക്കാവുന്നതാണ്. അത്തരത്തില്‍ ഇറ്റലിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയെ കൂടാതെ ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും ഇന്തോ -പസഫിക് മേഖലയിലെയും പതിനൊന്ന് വികസ്വര രാജ്യങ്ങള്‍ക്കും ഉച്ചകോടിയിലേക്ക് ക്ഷണമുണ്ട്. ജി7ല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലെങ്കിലും വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും.
Also Read: 42 കേസുകൾ, സ്‌ത്രീകള്‍ക്കെതിരായ അതിക്രമം അടക്കം; മോദി സർക്കാരിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളുള്ളത് ആഭ്യന്തര സഹമന്ത്രിക്ക്