ധർമ്മപുരി:ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിച്ച് 'ഇലക്ഷൻ കിങ്' പത്മരാജൻ. വര്‍ഷങ്ങളായി പ്രമുഖ നേതാക്കൾക്കെതിരെ മത്സരിച്ച് തോറ്റുകൊണ്ടിരിക്കുന്ന സ്ഥാനാർത്ഥിയാണ് പത്മരാജൻ. ധർമ്മപുരി ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ആദ്യ പത്രികയാണ് പത്മരാജൻ ഇന്ന് മേട്ടൂരിൽ സമർപ്പിച്ചത്. ധർമപുരിയിൽ മാത്രമല്ല വയനാട്ടിലും പത്മരാജൻ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
ഇത് 239-ാം തവണയാണ് പത്മരാജൻ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സേലം ജില്ലയിലെ മേട്ടൂർ സ്വദേശിയായ പത്മരാജന്‍റെ തൊഴിൽ ടയർ വിൽപ്പനയാണ്. രാജ്യത്തെ മിക്ക തെരഞ്ഞെടുപ്പുകളിലും പത്മരാജൻ സ്ഥിരം സാന്നിധ്യമാണ്. ഏറ്റവും കൂടുതൽ തവണ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് തോറ്റതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ് അടക്കമുള്ള നിരവധി റെക്കോർഡുകൾ പത്മരാജന് ലഭിച്ചിട്ടുണ്ട്.
നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ച പത്മരാജൻ തന്‍റെ തെരഞ്ഞെടുപ്പ് ജീവിതത്തെക്കുറിച്ചും ഇതുവരെയുള്ള യാത്രകളെക്കുറിച്ചും വാചാലനായി. തോൽവി ലക്ഷ്യം വെച്ചാണ് ഞാൻ മത്സരിക്കുന്നതെന്നും, വിജയിക്കുക എന്നതിന് പ്രാധാന്യം നൽകുന്നില്ലെന്നും പത്മരാജൻ പറഞ്ഞു. തെരഞ്ഞെടുപ്പ് മത്സര ശ്രമങ്ങളിലൂടെ ഒരു ലോക റെക്കോർഡ് സൃഷ്‌ടിക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് പത്മരജൻ പറഞ്ഞു.