ന്യൂ ഡല്‍ഹി:മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, എന്‍ കെ സിങ്ങ്, ഹരീഷ് സാല്‍വേ, സുഭാഷ് സി കശ്യപ്, സഞ്ജയ് കോത്താരി എന്നിവര്‍ അംഗങ്ങളും, നിയമ മന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ ക്ഷണിതാവും, നിതേന്‍ ചന്ദ്ര സെക്രട്ടറിയുമായിരുന്നു. ഒരു ജനപ്രതിനിധിയെങ്കിലുമുള്ള 46 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഉന്നതാധികാര സമിതി അഭിപ്രായം ആരാഞ്ഞിരുന്നു (One Nation, One Poll: Kovind Panel's Recommendations; All You Need To Know).
രാംനാഥ് സമിതിയിലെ അംഗങ്ങൾ അനുകൂലിച്ചവര്‍ എതിര്‍ത്തവര്‍:ആറ് ദേശീയ പാര്‍ട്ടികളില്‍ നാലും ഒറ്റ തെരഞ്ഞെടുപ്പ് സംവിധാനത്തെ എതിര്‍ത്തു. ബിജെപിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും മാത്രമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തെ അനുകൂലിച്ചത്. ആം ആദ്‌മി പാര്‍ട്ടി, ബിഎസ്‌പി, സിപിഐഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എതിര്‍ത്തു. സംസ്ഥാന പാര്‍ട്ടികളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, എഐയുഡിഎഫ്, എഐഎംഐഎം, സിപിഐ, ഡിഎംകെ, നാഗാ പീപ്പിള്‍സ് ഫ്രണ്ട്, സമാജ്‌വാദി പാര്‍ട്ടി എന്നിവര്‍ നിര്‍ദേശത്തെ എതിര്‍ത്തു. ആകെ 33 സംസ്ഥാന പാര്‍ട്ടികളോട് സമിതി അഭിപ്രായം ആരാഞ്ഞതില്‍ 13 പാര്‍ട്ടികള്‍ നിര്‍ദേശത്തെ അനുകൂലിച്ചു.
റിപ്പോർട്ടിലെ അദ്ധ്യായങ്ങൾ മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് മാണി, ആര്‍എസ്‌പി, എന്‍സിപി, ആര്‍ജെഡി, ആര്‍എല്‍ പി, ജെഡി എസ്, ബിആര്‍എസ്, നാഷണല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, തെലുഗുദേശം, വൈ എസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ ഒരു അഭിപ്രായവും അറിയിച്ചില്ല. മുന്‍ എന്‍ഡിഎ ഘടക കക്ഷിയായ അകാലി ദളും ശിവസേനയും നിര്‍ദേശത്തെ അനുകൂലിച്ചു.
രാംനാഥ് കോവിന്ദ് സമിതിയുടെ റിപ്പോർട്ട് ഒറ്റ തെരഞ്ഞെടുപ്പിന് ശുപാര്‍ശ എങ്ങനെ;അടിക്കടി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കും വികസന പദ്ധതികള്‍ക്കും തടസ്സമാകുന്നുവെന്ന് സമിതി വിലയിരുത്തി. രാജ്യം മുഴുവന്‍ ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിന് നിയമപരമായ മുന്നൊരുക്കം നടത്താന്‍ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തു. ആദ്യ ഘട്ടത്തില്‍ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കണമെന്നാണ് നിര്‍ദേശം. രണ്ടാം ഘട്ടത്തില്‍ പാര്‍ലമെന്‍റ് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനകം പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പുകള്‍ ക്രമീകരിക്കാമെന്ന് സമിതി നിര്‍ദേശിക്കുന്നു. പൊതു തെരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭ ആദ്യം സമ്മേളിക്കുന്ന ദിവസം അപ്പോയിന്‍റഡ് ഡേറ്റ് ആയി കണക്കാക്കി. രാഷ്ട്രപതി വിജ്ഞാപനം ഇറക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. ഉദാഹരണത്തിന് ജൂണ്‍ ഒന്നിനാണ് ലോക്സഭ നിലവില്‍ വരുന്നതെങ്കില്‍ അതുമുതല്‍ അഞ്ചു വര്‍ഷത്തിന് ശേഷം പൊതു തെരഞ്ഞെടുപ്പ് എന്ന് കണക്കാക്കും.
അങ്ങിനെ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി വെച്ച് മറ്റ് നിയമസഭകളുടെ കാലാവധി പുനര്‍ നിര്‍ണയിച്ച് രാഷ്ട്രപതി മറ്റൊരു വിജ്ഞാപനം ഇറക്കണം. ഇതു പ്രകാരം ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്ന് സമിതി അഭിപ്രായപ്പെടുന്നു. ഇതിന് നിയമസഭകളുടെ അംഗീകാരം ആവശ്യമില്ല. പാര്‍ലമെന്‍റിന്‍റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നിയമ ഭേദഗതി ആവാം. പാര്‍ലമെന്‍റിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പിനൊപ്പം പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പും നടത്തുന്നതിന് ഭരണഘടനയുടെ 324 എ വകുപ്പ് കൂട്ടിച്ചേര്‍ക്കണമെന്ന് സമിതി നിര്‍ദേശിക്കുന്നു. ഒറ്റ വോട്ടര്‍ പട്ടികയും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാന്‍ 325ാം വകുപ്പില്‍ ഭേദഗതിയും ആവശ്യമാണ്.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മറ്റു തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം യോജിപ്പിക്കുമ്പോള്‍ ഇതിന് സംസ്ഥാന നിയമസഭകളുടെ അംഗീകാരം വേണ്ടി വരും. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിപ്പിക്കുന്നതിന് ഇത് ആവശ്യമില്ല.
തൂക്ക് സഭ വന്നാല്‍:തൂക്ക് സഭ വരികയോ കുറു മാറ്റം കാരണമോ അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്നോ തെരഞ്ഞെടുപ്പ് വേണ്ടി വന്നാല്‍ എന്തു ചെയ്യണമെന്നും സമിതി നിര്‍ദേശിക്കുന്നു. അത്തരം സാഹചര്യത്തില്‍ സഭയുടെ അഞ്ചു വര്‍ഷ കാലാവധി തികയാക്കാന്‍ ബാക്കി നില്‍ക്കുന്ന കാലത്തേക്ക് മാത്രമാകും കാലാവധി. ഇതിനായി പാര്‍ലമെന്‍റില്‍ ആര്‍ട്ടിക്കിള്‍ 83, ആര്‍ട്ടിക്കിള്‍ 172 എന്നിവ ഭേദഗതി ചെയ്യേണ്ടി വരും.