രജൗരി: ജമ്മു കശ്‌മീരിലെ ബദാല്‍ ഗ്രാമത്തില്‍ അജ്ഞാത രോഗം പടരുന്നു. രോഗം ബാധിച്ച് ഇതുവരെ പതിനേഴ് പേര്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ രണ്ട് മാസമായാണ് രോഗം പടരുന്നതായി കണ്ടെത്തുന്നത്. ഇത് ബാക്‌ടീരിയ, വൈറസ്, പ്രോട്ടസോവ എന്നിവയൊന്നും പരത്തുന്ന രോഗമല്ലെന്ന് ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്തോ വിഷമാകാം രോഗത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലഖ്‌നൗവിലെ സിഎസ്‌ഐആര്‍ ടോക്‌സിക്കോളജി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ അണുബാധയോ വൈറസോ ബാക്‌ടീരിയയോ കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. വിഷസാന്നിധ്യം മാത്രമാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കണമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
3800 താമസക്കാരുള്ള ഗ്രാമത്തിലാണ് അപൂര്‍വ രോഗം പടരുന്നത്. ഡിസംബര്‍ ഏഴിനാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് പതിമൂന്ന് കുട്ടികളും ഒരു ഗര്‍ഭിണിയുമടക്കം പതിനേഴ് പേരാണ് ഈ അജ്ഞാത രോഗം ബാധിച്ച് മരിച്ചത്. പനിയും ദേഹം വേദനയും അമിതമായ വിയര്‍പ്പും ബോധം മറയലും അടക്കമുള്ള ലക്ഷണങ്ങളാണ് ഇവര്‍ മരണത്തിന് മുമ്പ് ആശുപത്രിയില്‍വെച്ച് പ്രകടിപ്പിച്ചത്.
വിഷസാധ്യത
പകര്‍ച്ച വ്യാധി മൂലമല്ല ഗ്രാമത്തില്‍ ഇത്രയധികം പേര്‍ മരണത്തിന് കീഴടങ്ങിയതെന്ന് പരിശോധനയില്‍ വ്യക്തമായിക്കഴിഞ്ഞെന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഷൂജ ഖദ്രി പറഞ്ഞു. ഭക്ഷണത്തിലെ വിഷം സംബന്ധിച്ച സാധ്യതയാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചിലപ്പോള്‍ ഇന്‍ജക്ഷനിലൂടെ വിഷബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് യാദൃശ്‌ചികമായി സംഭവിച്ചു പോയതാണോ അതോ മനഃപൂര്‍വമുണ്ടായ ഒരു വിഷബാധയാണോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ ഭരണകൂടം ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 200 ഓളം ഭക്ഷ്യ വസ്‌തുക്കളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളിലായാണ് ഇവ പരിശോധിക്കുന്നത്. ഒരാഴ്‌ച മുതല്‍ പത്ത് ദിവസത്തിനകം പരിശോധന ഫലം ലഭ്യമായേക്കും. അതുകൊണ്ടുതന്നെ പത്ത് ദിവസത്തിനകം മരണസംഖ്യ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മരിച്ചവരില്‍ നിന്ന് ചില ന്യൂറോ ടോക്‌സിനുകള്‍ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാലു പേര്‍ കൂടി ആശുപത്രിയില്‍
കഴിഞ്ഞ നാല്‍പ്പത്തെട്ട് മണിക്കൂറിനിടെ മൂന്ന് സഹോദരിമാരടക്കം നാല് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖം ബാധിച്ചവരുടെ കുടുംബങ്ങളെ കണ്ടെയ്‌ന്‍മെന്‍റ് സോണില്‍പ്പെടുത്തി. ഇവരുടെ വീടുകള്‍ സീൽ ചെയ്‌തിട്ടുമുണ്ട്. 16,18, 23 വയസുള്ള സഹോദരിമാരെയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
ബുധനാഴ്‌ച ആരോഗ്യനില വഷളായതോടെ ഇവരെ ബദാലിലെ ആശുപത്രിയില്‍ നിന്ന് രജൗരിയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് സഹോദരിമാരില്‍ രണ്ട് പേര്‍ക്ക് കടുത്ത ശ്വാസം മുട്ടലുണ്ട്. ഒരാള്‍ക്ക് നടക്കാന്‍ പോലും ആകുന്നില്ല. അവരെ സ്ട്രച്ചറിലാണ് ആശുപത്രിയിലെത്തിച്ചത്.