ശ്രീനഗര്‍:പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്‍റുമായ മെഹബൂബ മുഫ്‌തി. സര്‍ക്കാരിന്‍റെ ഈ തീരുമാനം സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും മെഹബൂബ മുഫ്‌തി പറഞ്ഞു. പള്ളി നശിപ്പിക്കൽ, സ്‌കൂൾ നശീകരണം, വീട് തകർക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വിമര്‍ശനം ഉന്നയിച്ചത്.
രാജ്യം ദീര്‍ഘ കാലമായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അധികാരികള്‍ തെരുവുകളില്‍ അസ്വസ്ഥതകള്‍ സൃഷ്‌ടിക്കുകയാണ്. പള്ളികള്‍ തകര്‍ക്കപ്പെടുകയും മുഴുവന്‍ പള്ളികളിലും വിഗ്രഹങ്ങള്‍ തെരയുകയും ചെയ്യുന്നതാണിപ്പോള്‍ കാണുന്നത്.
അക്രമത്തിന്‍റെ കെണിയില്‍ വീഴാതിരിക്കാന്‍ ഹിന്ദു, മുസ്‌ലീം സമുദായങ്ങളോട് മെഹബൂബ ആഹ്വാനം ചെയ്‌തു. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം വളര്‍ത്താനുള്ള ബിജെപിയുടെ അവസാന അസ്‌ത്രമാണ് സിഎഎ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നത് വിവേകത്തോടെയായിരിക്കണമെന്നും മെഹബൂബ മുഫ്‌തി പറഞ്ഞു. വിഷയത്തില്‍ തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനായി കോടതിയെ സമീപിച്ച സമുദായ നേതാക്കളെയും മെഹബൂബ അഭിനന്ദിച്ചു.
ജനാധിപത്യ മൂല്യങ്ങളുടെയും ഭരണഘടന അവകാശങ്ങളുടെയും ശോഷണത്തെ കുറിച്ചും മെഹബൂബ വിലപിച്ചു. രാജ്യത്തെ ഏറ്റവും സുപ്രധാന വശമായ ജനാധപത്യത്തിന് തുരങ്കം വയ്‌ക്കപ്പെടുകയാണിവിടെ. മതത്തിന്‍റെ മറവില്‍ മുസ്‌ലീങ്ങളെ ലക്ഷ്യം വച്ചുള്ള നിയമങ്ങള്‍ സൃഷ്‌ടിക്കുന്നതിനെതിരെ ജനങ്ങള്‍ക്ക് മെഹബൂബ മുന്നറിയിപ്പ് നല്‍കി.
പരിസ്ഥിതിയ്‌ക്ക് ദോഷകരമാകുന്ന റെയില്‍വേ നിര്‍മാണത്തെയും അവര്‍ വിമര്‍ശിച്ചു. ദുർബലമായ പരിസ്ഥിതിയ്‌ക്ക് ദോഷകരമായി ബാധിക്കുന്ന എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന്‍റെ ആവശ്യകതയും മുഫ്‌തി ഊന്നി പറഞ്ഞു.