ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള പതിനെട്ട് ലോക്‌സഭാംഗങ്ങളുടെയും സത്യപ്രതിജ്ഞ പൂര്‍ത്തിയായി. എറണാകുളം എംപി ഹൈബി ഈഡന്‍ ഹിന്ദിയില്‍ സത്യവാചകം ചൊല്ലി കേരള എംപിമാരില്‍ വ്യത്യസ്‌തനായി. ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍, കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍, ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ്, വടകര എംപി ഷാഫി പറമ്പില്‍ എന്നിവര്‍ ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചൊല്ലി. മറ്റുള്ളവര്‍ മലയാളത്തിലും സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി.
ആലത്തൂര്‍ എംപി സിപിഎമ്മിലെ കെ രാധാകൃഷ്‌ണന്‍ മാത്രം ദൃഢപ്രതിജ്ഞ എടുത്തപ്പോള്‍ മറ്റുള്ളവര്‍ ദൈവനാമത്തില്‍ സത്യവാചകം ചൊല്ലി. വിദേശത്തുള്ള തിരുവനന്തപുരം എംപി ശശി തരൂര്‍ സത്യപ്രതിജ്ഞയ്‌ക്ക് എത്തിയില്ല. നാട്ടിലെത്തിയ ശേഷം വെള്ളിയാഴ്‌ച സഭയില്‍ സത്യപ്രതിജ്ഞ ചെയ്യാനാണ് തരൂരിന്‍റെ തീരുമാനം.
ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, എംകെ രാഘവന്‍, കെസി വേണുഗോപാല്‍, ഡീന്‍ കുര്യാക്കോസ്, വികെ ശ്രീകണ്‌ഠന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഭരണഘടനയുടെ കൊച്ചു പതിപ്പ് ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്‌തതും ശ്രദ്ധേയമായി. കൊടിക്കുന്നില്‍ സുരേഷ് എട്ടാം തവണ എംപിയായപ്പോള്‍ കെ രാധാകൃഷ്‌ണന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ കന്നിക്കാരായാണ് സഭയിലെത്തിയത്.