ബംഗളൂരു: സംസ്ഥാന അതിർത്തിയിലെ വന്യമൃഗ ശല്യം പരിഹരിക്കാൻ കേരളവും, കര്‍ണാടകവും, തമിഴ്‌നാടും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ കരാർ. ബന്ദിപ്പൂരിൽ ചേർന്ന മന്ത്രിതല കോർഡിനേഷൻ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ കേരളം വനം മന്ത്രി എ കെ ശശീന്ദ്രനും കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെയും കരാറിൽ ഒപ്പിട്ടു. തമിഴ്‌നാട്ടില്‍നിന്നുള്ള വനം മന്ത്രി എം മതിവേന്ദൻ യോഗത്തില്‍ എത്താത്തതിനാല്‍ ഒപ്പിട്ടിട്ടില്ല. ഒപ്പുവെച്ചില്ലെങ്കിലും തമിഴ്‌നാട് കരാറിന്‍റെ ഭാഗമായിരിക്കും.
എട്ട് ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചാര്‍ട്ടറിലാണ് സംസ്ഥാനങ്ങൾ ഒപ്പിട്ടത്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്ന് കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. നിയമഭേദഗതി എന്ന ആവശ്യത്തിന് തമിഴ്‌നാടും കര്‍ണാടകയും പിന്തുണ നല്‍കി. വന്യമൃഗ സംഘർഷമുള്ള മേഖലകളിൽ അതിവേഗത്തിൽ സംയുക്ത ദൗത്യങ്ങൾ നടപ്പിലാക്കാനും യോഗത്തിൽ ധാരണയായി. നോഡൽ ഓഫീസർമാരെ നിയമിച്ചാണ് മൂന്ന് സംസ്ഥാനങ്ങളും സഹകരണം ഉറപ്പാക്കുക.
വന്യജീവി നിയമത്തില്‍ കാര്യമായ മാറ്റം ആവശ്യമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ യോഗത്തിൽ പറഞ്ഞു. വര്‍ഷങ്ങള്‍ മുമ്പുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് എല്ലാ അധികാരങ്ങളും നല്‍കിയെന്നാണ് പ്രചാരണം. എന്നാല്‍ പല മാനദണ്ഡങ്ങളും അവര്‍ പാലിക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.